”എൻറെ മകള്‍ എന്നോട് എന്തൊക്കെ ആവശ്യപ്പെട്ടിട്ടുണ്ടോ, അതെല്ലാം ഞാന്‍ നല്‍കിയിട്ടുണ്ട്.
എൻറെ മകള്‍ക്ക് നല്ല വിദ്യാഭ്യാസം വേണം. അവളുടെ ഇഷ്ടത്തിനാണ് ഞാന്‍ അവളെ ബോക്സിങ് പഠിപ്പിച്ചത്. അരവിന്ദുമായുള്ള ബന്ധം എനിക്ക് ഇഷ്ടമല്ലെന്നും തുടരരുതെന്നും പലതവണ അപേക്ഷിച്ചിട്ടും അവള്‍ കൂട്ടാക്കിയില്ല.
അതിനാല്‍ എൻറെ അമ്മ മരിച്ച അതേ ദിവസം തന്നെ ഞാന്‍ അവളെ കൊന്നു”-
ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് തനിക്ക് താല്‍പര്യമില്ലാത്ത യുവാവിനെ പ്രണയിച്ച 16 വയസ് മാത്രം പ്രായമുള്ള മകളെ കൊലപ്പെടുത്തിയശേഷം പിതാവ് വരപ്രസാദ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സെല്‍ഫി വീഡിയോയിലെ വാചകങ്ങള്‍ ആണിത്.
മകള്‍ നികിതശ്രീയുടെ മരണം ഉറപ്പാക്കിയശേഷം പൊലീസ് സ്റ്റേഷനില്‍ എത്തി വരപ്രസാദ് കീഴടങ്ങുകയായിരുന്നു.
സെല്‍ഫി വീഡിയോയും പൊലീസിനെ കാണിച്ചതോടെ വരപ്രസാദുമായി വീട്ടിലെത്തിയ പൊലീസ് രക്തത്തില്‍ കുളിച്ച നിലയില്‍ മകളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പ്രദേശവാസിയായ അരവിന്ദ് എന്ന യുവാവിനൊപ്പം പലതവണ മകള്‍ പുറത്തു പോകുന്നത് ശ്രദ്ധയില്‍പെട്ട വരപ്രസാദ് ഇത് വിലക്കിയിരുന്നു. പൊലീസിലും പരാതിപ്പെട്ടിരുന്നു.
കൗണ്‍സിലിങ്ങും മറ്റും നല്‍കിയെങ്കിലും നികിത ബന്ധം തുടര്‍ന്നതോടെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന്, ആംബുലന്‍സ് ഡ്രൈവറായ വരപ്രസാദ് പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം 4.30 നാണ് കൊലപാതകം നടന്നത്. ബെല്‍റ്റ് കഴുത്തില്‍ മുറുക്കിയാണ് നികിതയെ വരപ്രസാദ് കൊലപ്പെടുത്തിയത്.
13 വര്‍ഷങ്ങള്‍ക്കു മുന്‍പ് വരപ്രസാദിൻറെ ഭാര്യ മറ്റൊരാള്‍ക്കൊപ്പം പോയിരുന്നു. രണ്ട് വര്‍ഷം മുന്‍പ് മൂത്തമകളും വരപ്രസാദിൻറെ എതിര്‍പ്പ് മറികടന്ന് പ്രണയിച്ചയാള്‍ക്കൊപ്പം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി.
ഇതിനു പിന്നാലെ ഇളയ മകളും സമാനമായ രീതിയില്‍ തന്നെ ധിക്കരിച്ച് ഇറങ്ങിപ്പോകുമെന്ന ഭയമാണു നികിതയെ കൊലപ്പെടുത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്നു വരപ്രസാദ് മൊഴി നല്‍കി.
വരപ്രസാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവം ദുരഭിമാന കൊലയാണോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.