തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറി തട്ടിപ്പ് കേസില്‍ മുഖ്യപ്രതി ബിജുലാലിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. യൂസര്‍ ഐ.ഡിയും പാസ്‌വേഡും തനിക്ക് നല്‍കിയത് മുന്‍ ട്രഷറി ഓഫീസറാണെന്നാണ് ബിജു ലാലിന്റെ മൊഴി. കമ്ബ്യൂട്ടര്‍ ഓഫാക്കാനാണ് ഇവ രണ്ടും നല്‍കിയത്. ഒരു ദിവസം ട്രഷറി ഓഫീസര്‍ നേരത്തെ വീട്ടില്‍ പോയപ്പോഴാണ് കമ്ബ്യൂട്ടര്‍ ഓഫാക്കാനായി തനിക്ക് യൂസര്‍ നെയിമും പാസവേഡും നല്‍കിയതെന്നാണ് ബിജുലാല്‍ പറയുന്നത്. മാര്‍ച്ച് മാസത്തിലായിരുന്നു സംഭവമെന്നാണ് മൊഴി.
ട്രഷറി ഓഫീസര്‍ അവധിയില്‍ പോയശേഷം ഏപ്രിലില്‍ പണം പിന്‍വലിച്ചു. ആദ്യം 75 ലക്ഷവും പിന്നീട് രണ്ട് കോടി രൂപയുമാണ് പിന്‍വലിച്ചത്. ആദ്യം തട്ടിയ പണം ഭൂമി വാങ്ങാന്‍ സഹോദരിക്ക് അഡ്വാന്‍സ് നല്‍കിയെന്നും പിന്നെ ഭാര്യയ്ക്ക് സ്വര്‍ണവും വാങ്ങിയെന്നും ബിജുലാല്‍ പൊലീസിനോട് പറഞ്ഞു. അതിനുശേഷം ബാക്കി പണം ചീട്ടുകളിക്കാന്‍ ഉപയോഗിച്ചെന്നാണ് ബിജുലാലിന്റെ മൊഴി.
അതേസമയം പാസ്‌വേഡ് താനാണ് നല്‍കിയതെന്ന മൊഴി ട്രഷറി ഓഫീസര്‍ ഭാസ്‌ക്കരന്‍ നിഷേധിച്ചു. പാസ്‍വേഡ് താന്‍ ബിജുവിന് നല്‍കിയിട്ടില്ലെന്ന് പറഞ്ഞ മുന്‍ ട്രഷറി ഓഫീസര്‍ കമ്ബ്യൂട്ടര്‍ ഓഫാക്കണമെങ്കില്‍ ചുമതലപ്പെടുത്തുക അഡ്മിനിസ്ട്രേറ്ററെയാണെന്നും വ്യക്തമാക്കി. കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ താന്‍ ട്രഷറിയില്‍ നിന്ന് പണം മോഷ്ടിച്ചിരുന്നെന്ന് പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ ബിജു അന്വേഷണ സംഘത്തോട് സമ്മതിച്ചു.
നാലു ദിവസം മുങ്ങിനടന്ന ബിജുലാല്‍ ഇന്ന് രാവിലെയാണ് പൊലീസ് പിടിയിലായത്. തിരുവനന്തപുരത്ത് അഭിഭാഷകന്റെ ഓഫിസില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ബിജുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നാണ് ബിജുലാല്‍ മാദ്ധ്യമങ്ങളോട് പറഞ്ഞത്. തന്റെ പാസ്‍വേര്‍ഡ് ഉപയോഗിച്ച് മറ്റാരോ തട്ടിപ്പു നടത്തിയാതാകാമെന്നുമാണ് ബിജു ലാല്‍ പറഞ്ഞത്.