ഭീകരരെ കുടുക്കിയ എന്‍.ഐ.എ ഓപ്പറേഷന്‍,​ മുഷറഫ് ഹുസൈന്‍ 10 വര്‍ഷമായി കേരളത്തില്‍

തിരുവനന്തപുരം: എന്‍.ഐ.എ കൊച്ചിയില്‍ നിന്ന് മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്തതോടെ ഇതേക്കുറിച്ച്‌ സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. സംസ്ഥാന പൊലീസിനെ അറിയിക്കാതെയായിരുന്നു എന്‍.ഐ.എ കൊച്ചിയില്‍ റെയ്ഡ് നടത്തിയത്. ഭീകരരെ അറസ്റ്റ് ചെയ്ത ശേഷമാണ് കൊച്ചിയിലെ ​എന്‍.ഐ.എ യൂണിറ്റ് വിവരം സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചത്. തുടര്‍ന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിനോട് അന്വേഷിക്കാന്‍ ഡി.ജി.പി നിര്‍ദ്ദേശിച്ചത്.

ഭീകരരില്‍ ഒരാളായ മൊഷറഫ് ഹുസൈന്‍ 10 വര്‍ഷമായി കേരളത്തില്‍ താമസിച്ചു വരികയാണ്. അടുത്തിടെയാണ് പെരുമ്ബാവൂരിലെ ഒരു തുണിക്കടയില്‍ ഇയാള്‍ ജോലിയില്‍ പ്രവേശിച്ചത്. പെരുമ്ബാവൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ആര്‍ക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു ഇയാളുടെ പ്രവര്‍ത്തനം. മുര്‍ഷിദിനെ കളമശേരിക്ക് സമീപത്തുള്ള പാതാളത്തെ വാടക കെട്ടിട്ടത്തില്‍ നിന്നുമാണ് പിടികൂടിയത്. ഇവര്‍ സ്ഥിരമായി ജോലിക്ക് പോകുന്നുണ്ടായിരുന്നില്ലെന്നും പകല്‍ മുഴുവന്‍ ഇന്റര്‍നെറ്റില്‍ സമയം ചെലവിടുകയുമയിരുന്നെന്നും പൊലീസ് പറഞ്ഞു. മുര്‍ഷിദില്‍ നിന്നും ലാപ്പ് ടോപ്പും രണ്ട് മൊബൈലുകളും എന്‍.ഐ.എ പിടിച്ചെടുത്തു. മുര്‍ഷിദും ഇയാക്കൂബും ലോക്ക് ഡൗണ്‍ സമയത്താണ് കേരളത്തിലെത്തിയത്.

ഇവരുടെ കൈവശം ആധാര്‍ കാര്‍ഡ് അടക്കം ഉണ്ടായിരുന്നു. ആധാര്‍ കാര്‍ഡ് വ്യാജമായി ഉണ്ടാക്കിയതാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മുര്‍ഷിദ് ആഴ്ചയില്‍ രണ്ട് ദിവസം മാത്രമെ ജോലിക്ക് പോകാറുള്ളു. അല്ലാത്തപ്പോള്‍ മുറിയിലുണ്ടാകും. വീട്ടില്‍ അത്യാവശ്യം സാമ്ബത്തിക ഭദ്രതയുള്ളതിനാലാണ് ജോലിക്ക് പോകാതിരിക്കുന്നതെന്നാണ് മുര്‍ഷിദ് പറഞ്ഞിരുന്നെന്ന് ഒപ്പം താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളി പറഞ്ഞു. പുലര്‍ച്ചെ രണ്ട് മണിയോടെ എന്‍.ഐ.എ സംഘം ക്യാമ്ബിലേക്ക് വരികയും മുര്‍ഷിദിനെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

Related posts

Leave a Comment