കൊല്ലം: ഭിന്നശേഷിക്കാരിയായ ഭാര്യയുമൊത്ത് ജീവിക്കാന്‍ താത്പര്യമില്ലാത്തതിനാലാണ് കൊല നടത്തിയതെന്ന് അഞ്ചല്‍ ഉത്ര വധക്കേസിലെ പ്രതി സൂരജ് തന്നോട് പറഞ്ഞിരുന്നെന്ന് കേസിലെ മാപ്പുസാക്ഷി ചാവര്കാവ് സുരേഷ് കോടതിയില്‍ വെളിപ്പെടുത്തി. കേസിന്റെ വിചാരണയ്‌ക്കിടെ കൊല്ലം ആറാം അഡിഷണല്‍ സെഷന്‍സ് കോടതിയിലാണ് ഒന്നാം സാക്ഷി സുരേഷ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. സംഭവം ആരോടും പറയരുതെന്നും സര്‍പ്പദോഷമായി ഇതവസാനിക്കുമെന്നും സൂരജ് പറഞ്ഞു.
ഇക്കാര്യം പുറത്തുപറഞ്ഞാല്‍ താനും പ്രതിയാകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സുരേഷ് അറിയിച്ചു. ഇക്കാര്യം പറയുമ്ബോള്‍ സുരേഷ് വികാരാധീനനായി കോടതിക്കു മുമ്ബില്‍ പൊട്ടിക്കരഞ്ഞു. സൂരജിന് മൂര്‍ഖന്‍ പാമ്ബിനെ കൊടുത്ത പ്ലാസ്റ്റിക് ജാര്‍, സൂരജിന്റെ ബാഗ്, സുരേഷിന്റെ മൊബൈല്‍ ഫോണുകള്‍ എന്നിവ കോടതിയില്‍ തിരിച്ചറിഞ്ഞു. സുരേഷിന്റെ ക്രോസ് വിസ്താരം ഇന്നും തുടരും. കൊട്ടാരക്കര സബ് ജയിലില്‍ നിന്നാണ് സുരേഷിനെ കോടതിയില്‍ ഹാജരാക്കിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ്, കെ. ഗോപീഷ് കുമാര്‍, സി.എസ്. സുനില്‍ എന്നിവര്‍ ഹാജരായി.
സുരേഷ് കോടതിയില്‍ പറഞ്ഞത്
ഫെബ്രുവരി 12നാണ് സൂരജ് ഫോണില്‍ വിളിച്ച് പരിചയപ്പെട്ടത്. പിന്നീട് ചാത്തന്നൂരില്‍ വന്ന് കാണുകയും അടൂരിലെ വീട്ടില്‍ ബോധവത്കരണ ക്ലാസെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഫെബ്രുവരി 26ന് വെളുപ്പിന് സൂരജിന്റെ വീട്ടിലെത്തി. ബോധവത്കരണത്തിന് കൊണ്ടുപോയ കാട്ടുചേരയെ സൂരജ് അനായാസം കൈകാര്യം ചെയ്തു. തന്റെ കൈവശമുണ്ടായിരുന്ന അണലിയെ 10,000 രൂപ നല്‍കി സൂരജ് വാങ്ങി. മാര്‍ച്ച് 21ന് സൂരജ് വീണ്ടും വിളിച്ചു. അണലി പ്രസവിച്ചു, അതിന്റെ കുഞ്ഞിനെ തിന്നാന്‍ ഒരു മൂര്‍ഖനെ വേണമെന്നാവശ്യപ്പെട്ടു. പണത്തിനാവശ്യമുള്ളതിനാല്‍ ഏനാത്ത് പാലത്തിനടുത്തുവച്ച് ഏഴായിരം രൂപ വാങ്ങി മൂര്‍ഖനെ സൂരജിന് കൊടുത്തു. പിന്നീട് സൂരജ് വിളിച്ചിട്ടില്ല. ഉത്രയുടെ മരണവാര്‍ത്ത പത്രത്തില്‍ വായിച്ച ശേഷം സൂരജിനെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. പിറ്റേദിവസം മറ്റൊരു നമ്ബരില്‍നിന്ന് തിരികെ വിളിച്ച സൂരജ് ഭാര്യ മരിച്ചെന്ന് പറഞ്ഞു.
എന്തിനാടാ മിണ്ടാപ്രാണിയെ ഉപയോഗിച്ച് മഹാപാപം ചെയ്തതെന്ന് ചോദിച്ചപ്പോള്‍ ഭിന്നശേഷിക്കാരിയായ ഭാര്യയുമായി ജീവിക്കാന്‍ വയ്യാത്തതു കൊണ്ടു ഞാന്‍ തന്നെ ചെയ്തതാണ്’ എന്നു മറുപടി പറഞ്ഞു. ചേട്ടന്‍ ഇത് ആരോടും പറയരുത്. സര്‍പ്പദോഷമായി കരുതിക്കോളും. അല്ലെങ്കില്‍ ചേട്ടനും കൊലക്കേസില്‍ പ്രതിയാകും എന്നും സൂരജ് പറഞ്ഞു.വിവരം പൊലീസിനെ അറിയിക്കണമെന്ന് മകള്‍ പറഞ്ഞെങ്കിലും അപ്പോഴത്തെ മാനസികാവസ്ഥയില്‍ അതിന് കഴിഞ്ഞില്ല. പിന്നീട് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുമ്ബോള്‍ സഹതടവുകാരാണ് സത്യം കോടതിയോട് പറയാന്‍ ഉപദേശിച്ചത്.