തിരുവനന്തപുരം : ലൈഫ് മിഷന്‍ ക്രമക്കേടിന്റെയടക്കം വിവരങ്ങള്‍ എം.ശിവശങ്കര്‍ പങ്കുവച്ച റെസി ഉണ്ണിയെ ഉടന്‍ ഇ.ഡി ചോദ്യംചെയ്യും. ലൈഫ് മിഷനിലെ മുന്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്ററാണ് ഈ വനിത. അനെര്‍ട്ടിലെ പ്രോഗ്രാം കോ ഓര്‍ഡിനേറ്ററായ ഇവര്‍ ശിവശങ്കറുമായുള്ള പരിചയത്തെ തുടര്‍ന്നാണ് ലൈഫ് മിഷനില്‍ എത്തിയത്. സ്വര്‍ണക്കടത്ത് വിവാദത്തിനു പിന്നാലെ ഇവര്‍ ലൈഫ് മിഷനില്‍നിന്നു മടങ്ങി. അനെര്‍ട്ടില്‍നിന്ന് അവധിയെടുത്ത് ഹൈദരാബാദിലേക്കു പോയി.
സ്വപ്നയും സംഘവുമായി നടത്തിയ ഇടപാടുകളെല്ലാം ശിവശങ്കര്‍ വാട്സാപ്പില്‍ റെസി ഉണ്ണിയുമായും പങ്കുവച്ചിരുന്നു. ഇവരുടെ ഭര്‍ത്താവുമായും ശിവശങ്കറിന് അടുത്ത ബന്ധമുണ്ട്. ഭാര്യയുടെയും ഭര്‍ത്താവിന്റെയും പേരുകള്‍ കൂട്ടിച്ചേര്‍ത്ത് റെസി ഉണ്ണി എന്ന പേരിലാണ് ഇവരുടെ നമ്ബര്‍ ശിവശങ്കര്‍ മൊബൈലില്‍ സേവ് ചെയ്തിരുന്നത്. അനെര്‍ട്ടിന്റെ ചുമതലയുണ്ടായിരുന്ന കാലത്തും ശിവശങ്കര്‍ റെസി ഉണ്ണിയെ സഹായിച്ചിരുന്നു.
സെന്റര്‍ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന് (സി.എം.ഡി) അനുമതിയില്ലാതെ 90 ലക്ഷം രൂപ കൈമാറിയതുമായി ബന്ധപ്പെട്ട് റെസി ഉണ്ണിക്കെതിരെ വിജിലന്‍സ് അന്വേഷണമുണ്ട്. ഒന്നരവര്‍ഷം സസ്‌പെന്‍ഷനിലായിരുന്നു. ഈ സര്‍ക്കാരാണ് തിരിച്ചെടുത്തത്. അനെര്‍ട്ടില്‍ സ്ഥാനമേല്‍ക്കാതെ ലൈഫ് മിഷനിലേക്കു പോവുകയായിരുന്നു. ഭര്‍ത്താവും ഒരു സര്‍ക്കാര്‍ ഏജന്‍സിയിലെ ഉന്നത ഉദ്യോഗസ്ഥനാണ്.