സേലം: ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. തമിഴ്നാട്ടിലെ സേലം ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. കുട്ടികള്‍ മരത്തില്‍ തൂങ്ങുന്ന വിഡിയോ ഇയാള്‍ ബന്ധുക്കള്‍ക്ക് അയച്ചു നല്കിയ ശേഷമായിരുന്നു 33 കാരനായ യുവാവ് ആത്മഹത്യ ചെയ്തത്. 13 വര്‍ഷമായി ഒരു ഭക്ഷണശാലയില്‍ ജോലി ചെയ്ത് വരികയായിരുന്ന യുവാവിന് അടുത്തിടെ ഒരു അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന്10 ദിവസമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. ആ സമയത്താണ് ഭാര്യ മറ്റാരോടോ ഫോണില്‍ സംസാരിക്കുന്നതായി ഇയാള്‍ക്ക് സംശയം തോന്നിയത്.
തുടര്‍ന്ന് ഇതേചൊല്ലി ഇരുവരും തമ്മില്‍ വഴക്കായി. യുവാവ് ഭാര്യയോട് ഫോണില്‍ സംസാരിക്കരുതെന്ന് പറഞ്ഞു വിലക്കുകയും ചെയ്തു. തുടര്‍ന്ന്, ഞായറാഴ്ച വൈകീട്ട് സമീപത്തെ കടയിലേക്ക് പോകുകയാണെന്ന് ഭാര്യയോട് പറഞ്ഞ ഇയാള്‍ ഒമ്ബത് വയസ് പ്രായമായ മകനെയും അഞ്ച് വയസുള്ള മകളെയും ഒപ്പംകൂട്ടി. ഭാര്യയുടെ മൊബൈല്‍ ഫോണും കൊണ്ടാണ് അവര്‍ പോയത്.തുടര്‍ന്നായിരുന്നു കൊലപാതകവും ആത്മഹത്യയും. മൂവരുടെയും മൃതദേഹം ഒരു മാവിന്തോട്ടത്തില് നിന്നാണ്കണ്ടെത്തിയത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.