തിരുവനന്തപുരം: ഉമയും ഭാമയും. പേരുകള്‍ കേട്ടാല്‍ സഹോദരിമാരെന്നേ തോന്നൂ. ഒന്നാം പേരുകാരി തിരുവനന്തപുരം കൊഞ്ചിറവിള ഉമാമഹേശ്വര മഠത്തില്‍ മഹേഷ് കൃഷ്ണന്റെ വളര്‍ത്തുപുത്രിയാണ്- ഉമാദേവിയെന്ന പിടിയാന. ചിത്രത്തില്‍ ഉമാദേവിക്കു മുന്നില്‍ പുഞ്ചിരിയുമായി നടക്കുന്നത് മഹേഷിന്റെ പുത്രി ഭാമ സരസ്വതി. കൂട്ടിന്റെ കാര്യത്തില്‍ കൂടപ്പിറപ്പുകള്‍ തോറ്റുപോകും, ഈ ആനയും അരുമക്കുരുന്നുമായുള്ള അപൂര്‍വ സ്നേഹബന്ധം കണ്ടാല്‍.
ശ്രീകണ്‌ഠേശ്വരം മഹാദേവ ക്ഷേത്രത്തിലെ കീഴ്ശാന്തിയാണ് മഹേഷ് കൃഷ്ണന്‍. മകള്‍ ഭാമയ്‌ക്ക് അടുത്ത മാസം രണ്ടു വയസ് തികയുകയേയുള്ളൂ. ‘കളിക്കൂട്ടിക്കാരി’ക്കാകട്ടെ, മുപ്പത്തിയേഴ് നടപ്പ്. പ്രായവ്യത്യാസം മാറിനില്‍ക്കുന്ന സൗഹൃദകഥ സമൂഹമാദ്ധ്യമങ്ങളില്‍ വൈറല്‍ ആയതോടെ മഠത്തിലേക്ക് അതിഥികളുടെ തിരക്ക്. അക്കൂട്ടത്തില്‍ കഴിഞ്ഞ ദിവസം നടി പ്രവീണയുമുണ്ടായിരുന്നു. ഒരു ലോഡ് നിറയെ ഓലയും പഴങ്ങളും ശര്‍ക്കരയുമായിട്ടായിരുന്നു വരവ്.
ഭാമ ജനിക്കുന്നതിനും ആറു വര്‍ഷം മുന്‍പേ കുടുംബത്തിലെത്തിയതാണ് ഉമ. എല്ലാവരോടും പെട്ടെന്ന് അടുക്കുമെങ്കിലും ഭാമയോടാണ് വാത്സല്യമേറെ. ഭാമയ്‌ക്കൊപ്പമാണ് റോഡില്‍ ഉമയുടെ നടപ്പെങ്കില്‍ ചങ്ങലയോ തോട്ടിയോ വേണ്ട. അനുസരണയോടെ തൊട്ടുരുമ്മി നടക്കും. ആറു മാസം മാത്രം പ്രായമുള്ളപ്പോള്‍ അച്ഛനൊപ്പം ആനപ്പുറത്തേറിയ മിടുക്കിയാണ് ഭാമക്കുട്ടി.
അഞ്ചു കിലോ അരിയുടെ ചോറാണ് ഉമയാനയുടെ പ്രധാന മെനു. പിന്നെ, മുപ്പത്തിയഞ്ച് ഓല, ആവശ്യത്തിന് പനംപട്ടയും. രാവിലെ ഒരു കുല പഴവും ഗണപതിഹോമത്തിന്റെ പ്രസാദവും. വൈകിട്ട് രണ്ടു പായ്‌ക്കറ്റ് ബിസ്‌കറ്റ് നീട്ടിക്കൊടുത്താല്‍ ഒരു പായ്‌ക്കറ്റ് മാറ്റിവയ്‌ക്കും- കൂട്ടുകാരിക്ക്!