‘ഭര്‍ത്താവിന്റെ ഉപദ്രവം കുറയ്ക്കാനാണ് മരുന്ന് കൊടുക്കുന്നത്. ഇതു കൊടുത്താല്‍ പല്ലു കൊഴിഞ്ഞ സിംഹം പോലെ കിടന്നോളും, ഒരു ശല്യവുമില്ല’-

‘ഭര്‍ത്താവിന്റെ ഉപദ്രവം കുറയ്ക്കാനാണ് മരുന്ന് കൊടുക്കുന്നത്.

ഇതു കൊടുത്താല്‍ പല്ലു കൊഴിഞ്ഞ സിംഹം പോലെ കിടന്നോളും, ഒരു ശല്യവുമില്ല’- കൂട്ടുകാരിക്ക് ആശ സുരേഷ് നല്‍കിയ ഈ സന്ദേശമാണ് ഭര്‍ത്താവിന് മാനസിക രോഗത്തിന്റെ മരുന്നു കൊടുത്ത കേസില്‍ ഭാര്യയെ വെട്ടിലാക്കിയത്. ഈ വോയിസ് ക്ലിപ്പ് നിര്‍ണായക തെളിവായി മാറുകയായിരുന്നു. മരുന്നിന്റെ പേരും ആശ കൂട്ടുകാരിക്ക് അയച്ചു കൊടുത്തിരുന്നു. ഈ വിഷയമാണ് കൂട്ടുകാരി സതീഷിനെ അറിയിച്ചത്. ഇതോടെയാണ് സതീഷ് മുന്‍കരുതല്‍ നടപടി സ്വീകരിച്ചത്.

മനോരോഗ ചികിത്സയ്ക്കുള്ള മരുന്നുകള്‍ കലര്‍ത്തി അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന ഭര്‍ത്താവിന്റെ പരാതിയിലാണ് മീനച്ചില്‍ പാലാക്കാട് സതീമന്ദിരം വീട്ടില്‍ ആശാ സുരേഷിനെ(36) ആണ് അറസ്റ്റു ചെയ്തിരുന്നത്. ഭര്‍ത്താവില്‍ നിന്നുള്ള ഉപദ്രവം ഒഴിവാക്കാനാണ് രഹസ്യമായി മരുന്നു കലര്‍ത്തി നല്‍കിയതെന്ന് ആശ പൊലീസിന് മൊഴി നല്‍കി. ചിറയിന്‍കീഴ് സ്വദേശിയായ സതീഷിന്റെ മുറപ്പെണ്ണാണ് ആശ. 2006 ല്‍ ഇവരുടെ വിവാഹം കഴിഞ്ഞു.

ഐസ്‌ക്രീം കമ്ബനിയുടെ മൊത്ത വിതരണ ഏജന്‍സി ഉടമയാണ് സതീഷ്. സതീഷും ആശയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് ഡിവൈഎസ്‌പി ഷാജു ജോസ് പറഞ്ഞു. 2015 മുതലാണ് മരുന്നു നല്‍കിത്തുടങ്ങിയത്. ഉപദ്രവിക്കുന്നത് സംബന്ധിച്ച്‌ സതീഷിനെതിരെ ആശ പൊലീസില്‍ നേരത്തെ പരാതി നല്‍കിയിട്ടുണ്ട്. മനോരോഗികള്‍ക്കുള്ള മരുന്നാണ് ആശ നല്‍കിയത്. ഗുളിക വെള്ളത്തില്‍ കലര്‍ത്തി ഭക്ഷണത്തില്‍ നല്‍കും. മരുന്നു കഴിച്ചാല്‍ ഉടനെ ക്ഷീണം വരും. ഉടന്‍ ഉറങ്ങുകയും ചെയ്യും. ഭക്ഷണം കഴിച്ച ഉടനെ സതീഷിന് കടുത്ത ക്ഷീണം തോന്നിത്തുടങ്ങിയതിനെത്തുടര്‍ന്ന് പല ഡോക്ടര്‍മാരെയും കണ്ടു. എന്നാല്‍ ഫലമുണ്ടായില്ല. സംശയം തോന്നിയ സതീഷ് വീട്ടില്‍ നിന്നു ഭക്ഷണം ഒഴിവാക്കി. അതോടെ ക്ഷീണം കുറഞ്ഞു.

ഇതോടെ ആശ ഐസ്‌ക്രീം കമ്ബനിയിലെ കൂജയില്‍ മറ്റൊരാള്‍ വഴി മരുന്ന് എത്തിച്ചു കലര്‍ത്തി. കൂജയില്‍ നിന്നു വെള്ളം കുടിച്ച സതീഷിന് തളര്‍ച്ച തോന്നി.തുടര്‍ന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോള്‍ മരുന്നു കലര്‍ത്തുന്നതായി കണ്ടെത്തിയതായി ഡിവൈഎസ്‌പി പറഞ്ഞു. ആശയുടെ കൂട്ടുകാരി വഴി സതീഷ് നടത്തിയ അന്വേഷണത്തിലാണ് മരുന്നു കലര്‍ത്തി നല്‍കുന്ന വിവരം സ്ഥിരീകരിച്ചത്.

ആശയുടെ കൂട്ടുകാരിയില്‍ നിന്നും ലഭിച്ച മരുന്നുമായി സതീഷ് ഡോക്ടര്‍മാരെ കണ്ടു. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി ലാബില്‍ പരിശോധനയും നടത്തി. ദീര്‍ഘകാലം മരുന്നു കഴിച്ചാല്‍ മനോരോഗമോ മരണമോ സംഭവിക്കാമെന്ന് ഡോക്ടര്‍മാര്‍ സതീഷിനോട് പറഞ്ഞു. തുടര്‍ന്നാണു പരാതി നല്‍കിയത്. സതീഷിന്റെ സ്വത്ത് തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യമെന്ന് കരുതുന്നതായും എസ്‌എച്ച്‌ഒ കെ.പി. ടോംസന്‍ പറഞ്ഞു. ആശയെ സഹായിച്ചവരെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Related posts

Leave a Comment