കട്ടപ്പന: ( 24.06.2021) ഭര്‍തൃഗൃഹത്തില്‍ യുവതിയെ ജനല്‍കമ്ബിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചേറ്റുകുഴിയിലെ ധന്യ (21) മരിച്ച കേസിലാണ് ഭര്‍ത്താവ് അമല്‍ ബാബു(27) വിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
മാര്ച് 29നു പുലര്‍ചെയാണ് ധന്യയെ മാട്ടുക്കട്ടയിലെ അമലിന്റെ വീട്ടിലെ മുറിയിലെ ജനല്‍ക്കമ്ബിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അമല്‍ പുലര്‍ചെ ജോലിക്കായി പോയ ശേഷമായിരുന്നു സംഭവം. ഇവര്‍ക്ക് 8 മാസം പ്രായമുള്ള കുട്ടിയുണ്ട്.
നെടുങ്കണ്ടം എംഇഎസ് കോളജിലെ അവസാന വര്‍ഷ ബിഎസ്സി മാതമാറ്റിക്സ് വിദ്യാര്‍ഥിനിയായിരുന്നു ധന്യ. വിവാഹശേഷം അമല്‍ മര്‍ദിച്ചിരുന്നതായി ധന്യ രക്ഷിതാക്കളോടു പറഞ്ഞിരുന്നു. കൂടാതെ കുടുംബാംഗങ്ങളില്‍ നിന്ന് മാനസികപീഡനം ഏറ്റിരുന്നതായും ധന്യ പറഞ്ഞതായി പിതാവ് ജയപ്രകാശ് പറഞ്ഞു.
മരിക്കുന്നതിന്റെ തലേദിവസം ഉച്ചകഴിഞ്ഞും ധന്യ വിളിച്ചപ്പോള്‍ അമല്‍ മര്‍ദിച്ചതായി പറഞ്ഞതിനെത്തുടര്‍ന്ന് പിറ്റേന്നു നേരിട്ടു ചെന്ന് മകളെ കൂട്ടിക്കൊണ്ടുവരാന്‍ മാതാപിതാക്കള്‍ തയാറെടുത്തിരിക്കെയായിരുന്നു മരണം.
മകളുടെ പൊക്കം പോലും ഇല്ലാത്ത ജനലില്‍ തൂങ്ങിമരിച്ചു എന്ന വാദവും മര്‍ദനത്തെക്കുറിച്ചുള്ള അറിവും കാരണം ജയപ്രകാശ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് അറസ്റ്റിലായ അമലിനെ പീരുമേട് കോടതിയില്‍ ഹാജരാക്കി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് അമലിന്റെ മേല്‍ ചുമത്തിയിരിക്കുന്നത്. കൂടുതല്‍ അന്വേഷണം നടത്തി ഗാര്‍ഹിക പീഡനവും കൊലപാതകശ്രമം അടക്കം വകുപ്പുകള്‍ ചുമത്തുമെന്നും പൊലീസ് പറഞ്ഞു. അമലിന്റെ മാതാപിതാക്കള്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും പീരുമേട് ഡിവൈഎസ്പി പറഞ്ഞു. അമലിനെ കോടതി റിമാന്‍ഡ് ചെയ്തു.
ഭര്‍തൃഗൃഹത്തില്‍ യുവതിയെ ജനല്‍കമ്ബിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.
