തൃശൂര്‍: ഏഴുമാസം റേഷന്‍ കടകളില്‍ കെട്ടിക്കിടന്ന് നശിച്ചത് 5,96,707 കിലോ കടല. സംസ്ഥാനത്തെ 14,250 റേഷന്‍ കടകളിലായി 59.6 ലോഡ് കടലയാണ് ഉപയോഗശൂന്യമായതെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്. അനില്‍ അറിയണം. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതിയില്‍ കഴിഞ്ഞ നവംബറിലാണ് കടല കേരളത്തില്‍ എത്തിയത്. നവംബറിനുശേഷം കേന്ദ്രം പദ്ധതി ഉപേക്ഷിക്കുകയും കഴിഞ്ഞ മണ്‍സൂണിന് പിന്നാലെ എല്ലാ മാസവും കനത്ത മഴയുണ്ടാവുകയും ചെയ്തതോടെ കടല പൂപ്പല്‍ പിടിച്ചുനശിക്കുകയായിരുന്നു.
കെട്ടിക്കിടന്ന കടല കോവിഡ് സമാശ്വാസ കിറ്റില്‍ നല്‍കാനുള്ള തീരുമാനം നടപ്പാക്കാന്‍ സര്‍ക്കാറിന് സാധിച്ചില്ല. ഫെബ്രുവരി അവസാനം ഇത് കോവിഡ് സമാശ്വാസ കിറ്റില്‍ നല്കാന് സിവില്‍ സൈപ്ലസ് കോര്പറേഷന് ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ മാര്‍ച്ച്, ഏപ്രില്‍ കിറ്റ് വിതരണം കഴിഞ്ഞിട്ടും മേയിലേത് പകുതിയായിട്ടും റേഷന്‍ കടകളില്‍നിന്നും കടല കൊണ്ടുപോകാന്‍ അധികൃതര്‍ തയാറായിട്ടില്ല. കഴിഞ്ഞദിവസം വീണ്ടും ഇതുസംബന്ധിച്ച് ഉത്തരവുണ്ടായെങ്കിലും ഏഴുമാസം പഴകിയ കടല ഉപയോഗിക്കാനാവത്ത സാഹചര്യമാണ്. ഗോഡൗണുകള്‍ മുഖേന ശേഖരിച്ച്, ഭക്ഷ്യയോഗ്യമാണെങ്കില് ഈ മാസത്തെ അതിജീവന കിറ്റില്‍ ഉള്‍പ്പെടുത്താനാണ് നിര്‍ദേശം. ഗുണമേന്മ പരിശോധിച്ച ശേഷമേ ഉപയോഗിക്കാവൂ എന്ന് പ്രത്യേക നിര്‍ദേശമുണ്ട്. പഴകിയ കടല കാലിത്തീറ്റ കമ്ബനികള്‍ക്ക് മാത്രമേ നല്‍കാനാവൂ എന്നാണ് ജീവനക്കാരുടെ നിലപാട്.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതിയില്‍ ജൂലൈ മുതല്‍ നവംബര്‍ വരെ രണ്ടാംഘട്ടത്തില്‍ വിതരണം ചെയ്തതിലെ കടലയാണ് ബാക്കിവന്നത്. ഇത് എന്ത് ചെയ്യണെമന്ന് അന്വേഷിച്ച് സംസ്ഥാന പൊതുവിതരണ വകുപ്പ് നവംബറില്‍തന്നെ കേന്ദ്രത്തിന് കത്തയച്ചെങ്കിലും ആദ്യം മറുപടിയുണ്ടായില്ല. വീണ്ടും നടത്തിയ കത്തിടപാടിലാണ് ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. നാഫഡില്നിന്ന് നിലവില്‍ വാങ്ങുന്ന വിലയാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിന് നല്‍കേണ്ടത്. ഇങ്ങനെ റേഷന്‍ കടകളില്‍ സൂക്ഷിച്ച കടല അതത് താലൂക്ക് എന്‍.എഫ്.എസ്.എ ഗോഡൗണുകളിലേക്ക് തിരിച്ചെടുക്കാനാണ് ഏഴുമാസത്തിനുശേഷം വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്. ::ഇത്തരം കാര്യങ്ങളില്‍ പുതിയ മന്ത്രിയുടെ ഭാഗത്ത് കനത്ത ജാഗ്രതയുണ്ടാകണമെന്ന് ഇൗ മേഖലയിലുള്ളവര്‍ പറയുന്നു.