ഭക്ഷ്യകിറ്റ്: സാധനങ്ങള്‍ കോവിഡ് സംസ്ഥാനങ്ങളില്‍ നിന്ന്; പൊതു വിതരണ ജീവനക്കാര്‍ ഭീതിയില്‍

തൃശൂര്‍: കോവിഡ് 19ന്‍െറ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യകിറ്റുകള്‍ക്ക് സാധനങ്ങള്‍ എത്തുന്നത് രാജ്യത്ത് കോവിഡ് ഭീഷണി ഏറെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും. കോവിഡ് പെരുമാറ്റചട്ടങ്ങള്‍ ഒന്നും പാലിക്കാതെയാണ് ഇവ ഇങ്ങോട്ട് എത്തുന്നത്. മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ധാന്യങ്ങളും പയര്‍ – പരിപ്പ് വര്‍ഗങ്ങളും വലിയ തോതില്‍ വരുന്നത്. സംസ്ഥാനത്ത് വിവിധ മാര്‍ക്കറ്റുകളില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ലോറികളില്‍ എത്തുന്ന ചരക്കുകളും ലോറിയും അടക്കം അണുനാശിനി പ്രയോഗത്തിന് വിധേയമാക്കിയത് ശേഷമേ മാര്‍ക്കറ്റുകളിലേക്ക് പ്രവേശിപ്പിക്കുകയുള്ളു. ലോറി ഡ്രൈവറെയും ജീവനക്കാരെയും കുളിപ്പിച്ചതിന് ശേഷം ശരീരോഷ്മാവും അടക്കം പരിശോധിച്ചതിന് ശേഷമാണ് ഇതര നടപടികള്‍ തുടങ്ങുകയുള്ളു. എന്നാല്‍ പൊതുവിതരണ ഗോഡൗണുകളിലും സപൈ്ളകോ വില്‍പ്പനശാലകളിലും എത്തുന്ന ലോറികള്‍ക്കും ചരക്കുകള്‍ക്കും ജീവനക്കാര്‍ക്കും യാതൊരു നടപടിക്രമവും പാലിക്കുന്നില്ല. രാജ്യത്തെ കോവിഡ് ഹോട്ട്സ്പോട്ട് മേഖലകളില്‍ നിന്നുപോലും എത്തുന്ന സാധനങ്ങള്‍ ഗോഡൗണ്‍ ജീവനക്കാര്‍ പരിശോധിക്കുക കൂടി വേണ്ടതുണ്ട്. മാത്രമല്ല ലോറി ജീവനക്കാര്‍ നല്‍കുന്ന പര്‍ച്ചേഴ്സ് ഓര്‍ഡര്‍, ബില്ലുകള്‍ അടക്കം കടലാസുകള്‍ വാങ്ങി പരിശേധിക്കുകയും വേണം. എന്നിട്ടും യാതൊരു നിബന്ധനയും പാലിക്കാതെയാണ് കാര്യങ്ങള്‍ നടക്കുന്നത്. ഇത് സംബന്ധിച്ച്‌ ജീവനക്കാരുടെ സംഘടന പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ല.

മാത്രമല്ല കഴിഞ്ഞ 35 ദിവസമായി റേഷന്‍, കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് പൊതുവിതരണ വകുപ്പിലെയും കോര്‍പ്പറേഷനിലെയും ജീവനക്കാര്‍ കര്‍മ്മനിരതരാണ്. എന്നിട്ടും ജില്ലാ കലക്ടര്‍മാര്‍ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് പ്രത്യേകം നിഷ്കര്‍ഷിച്ച അവശ്യ സേവന വിഭാഗത്തിലും ഇവരെ ഉള്‍പ്പെടുത്തിയിട്ടില്ല. നേരത്തെ ഏറെ ആക്ഷേപത്തിന് ശേഷമാണ് പെരുമാറ്റചട്ടം പോലും ജീവനക്കാറക്ക് നല്‍കിയത്. ഇതിനായി ഒരു മാസ്കല്ലാതെ യാതൊന്നും അധികൃതര്‍ നല്‍കുകയും ചെയ്തിട്ടില്ല. റേഷന്‍കടകളില്‍ പോലും സാമൂഹ്യ വ്യാപനം തടയുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്.

സംസ്ഥാനത്തെ 14 ജില്ലകളിലെ അതിര്‍ത്തികളിലും വിവിധ മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച്‌ പൊലീസുമായി ചേര്‍ന്ന് ആരോഗ്യവിഭാഗം നടത്തുന്ന പരിശോധന കൂടുതല്‍ ഫലപ്രദമാവാന്‍ ഈ മേഖലയില്‍ കൂടി പരിശോധന കര്‍ശനമാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ജീവനക്കാര്‍ക്ക് മാത്രമല്ല പൊതുജനത്തിന് കൂടി രോഗം ബാധിക്കാനിടയുണ്ട്.

Related posts

Leave a Comment