ഭക്ഷ്യകിറ്റിനൊപ്പം നല്‍കുന്ന ഖാദി മാസ്‌കിന്റെ വിലയില്‍ അഴിമതി? ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്‌ത ജീവനക്കാരന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യകിറ്റിനൊപ്പം നല്‍കുന്ന ഖാദി മാസ്‌കിന്റെ വിലയില്‍ അഴിമതിയുണ്ടെന്ന് സൂചിപ്പിക്കുന്ന ഫേസ്‌ബുക്കിലെ പോസ്റ്റ്, ഷെയര്‍ ചെയ്‌ത ഖാദി ബോര്‍ഡ് ജീവനക്കാരന് സസ്‌പെന്‍ഷന്‍. ഖാദി ബോര്‍ഡിന്റെ തിരുവനന്തപുരം പ്രോജക്‌ട് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്കും ഖാദി ബോര്‍ഡ് എംപ്ലോയീസ് യൂണിയന്‍ (ഐ എന്‍ ടി യു സി) സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ബി എസ് രാജീവിനെയാണ് അന്വേഷണവിധേയമായി ബോര്‍ഡ് സെക്രട്ടറി ഡോ കെ എ രതീഷ് സസ്‌പെന്‍ഡ് ചെയ്‌തത്.

ഖാദി ബോര്‍ഡിന്റെ ജീവനക്കാരനായിരിക്കെ സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതിയെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത പ്രചരിപ്പിക്കാന്‍ ശ്രമിച്ചത് ഗുരുതരമായ കൃത്യവിലോപമാണെന്നാണ് അധികൃതര്‍ പറയുന്നത്. ഖാദി ബോര്‍ഡ് വൈസ് ചെയര്‍പഴ്സന്‍ ശോഭന ജോര്‍ജിന്റെ ഉത്തരവ് പ്രകാരമാണ് സെക്രട്ടറിയുടെ രാജീവിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

ഫെബ്രുവരിയിലെ ഭക്ഷ്യ കിറ്റിനൊപ്പം രണ്ട് ഖാദി മാസ്‌ക് വീതം നല്‍കാന്‍ ഭക്ഷ്യപൊതുവിതരണ വകുപ്പ് തീരുമാനിച്ചിരുന്നു. കിറ്റ് തയ്യാറാക്കുന്ന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് ലക്ഷണക്കണക്കിന് മാസ്‌ക് നല്‍കുകയും ചെയ്തു. സിംഗിള്‍ ലെയര്‍ മാസ്കിന്റെ ഗുണമേന്മ സംബന്ധിച്ച വാര്‍ത്തകളുണ്ടായിരുന്നു. ഇതേക്കുറിച്ച്‌ തന്റെ ഫ്രണ്ട് ലിസ്റ്റിലുള്ള ഒരാള്‍ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റാണ് ജീവനക്കാരന്‍ പങ്കുവച്ചത്.

Related posts

Leave a Comment