കോഴിക്കോട്∙ സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഭക്ഷണ മെനുവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കാര്യമാക്കുന്നില്ലെന്ന് കലോത്സവത്തിലെ മുഖ്യപാചകകാരനായ പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു.
ഭക്ഷണ മെനു തീരുമാനിക്കുന്നത് സർക്കാരാണ്. സർക്കാർ ഏൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘കലോത്സവത്തിൽ ഭക്ഷണം നൽകുന്നത് ഫുഡ് കമ്മിറ്റി നൽകിയിരിക്കുന്ന മെനു അനുസരിച്ചാണ്. അതിൽ മാറ്റം വരുത്തേണ്ടത് ഫുഡ് കമ്മിറ്റിയാണ്. ഫുഡ് കമ്മിറ്റി മാറ്റം വരുത്തണമെങ്കിൽ സർക്കാരാണ് മാറ്റം വരുത്തേണ്ടത്.
ഏൽപ്പിച്ച ജോലി ചെയ്യുക എന്നതിനപ്പുറം ഒന്നും ചെയ്യാനില്ല. വിവാദങ്ങൾ അതിന്റെ വഴിക്ക് നടക്കട്ടെ. അതു കാര്യമാക്കുന്നില്ല. കുട്ടികൾക്ക് സമയത്ത് ഭക്ഷണം കൊടുക്കുക എന്നതു മാത്രമേയുള്ളൂ’’– അദ്ദേഹം പറഞ്ഞു.
സ്കൂൾ കലോത്സവത്തിൽ മാംസാഹാരം ഉൾപ്പെടുത്താത്തത് വിവാദമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. അടുത്ത കലോത്സവം മുതൽ മാംസാഹാരവും ഉൾപ്പെടുത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചിരുന്നു.