ചൂരല്‍മല: സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തില്‍ വനത്തിനുള്ളില്‍ കുടുങ്ങിയ പിഞ്ചുകുഞ്ഞുങ്ങളടങ്ങിയ കുടുംബത്തെ രക്ഷിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ.
എട്ട് മണിക്കൂർ നീണ്ട അതിസാഹസികമായ ദൗത്യത്തിന് ഒടുവിലാണ് ഇവരെ രക്ഷിച്ചത്. ഏറാട്ട്കുണ്ട് കോളനിയിലെ കൃഷ്ണനെയും മക്കളെയുമാണ് സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ഉദ്യോഗസ്ഥർ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
ആദിവാസി കോളിനിയില്‍ ചിലർ പെട്ടിട്ടുണ്ടെന്ന് അറിഞ്ഞാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഏറാട്ട്ക്കുണ്ട് കോളനിയിലേക്ക് ഇറങ്ങിയത്.
ഏറാട്ട്കുണ്ട് കോളനിയിലെ കൃഷ്ണനും മക്കളുമാണ് കോളിനിയില്‍ രണ്ട് ദിവസമായി കുടുങ്ങിയത്. രണ്ട് ദിവസം കനത്ത മഴയില്‍ മണ്‍തിട്ടയില്‍ താമസിച്ചിരുന്ന കുടുംബം ഭക്ഷണം ഇല്ലാതായതോടെ കാട്ടിലേക്കിറങ്ങുകയായിരുന്നു. കൃഷ്ണന്റെ ഭാര്യ ശാന്തയും ഒരു മകനും കാട്ടിലൂടെ നടക്കുമ്ബോഴാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടത്. ഇവരില്‍ നിന്നാണ് ഭർത്താവ് കൃഷ്ണനും മറ്റ് മൂന്ന് മക്കളും കോളനിയില്‍ ഒറ്റപ്പെട്ട വിവരം അറിയുന്നത് കുട്ടികളെ ഉള്‍പ്പടെ കയറില്‍ കെട്ടിയാണ് കോളനിക്ക് പുറത്ത് എത്തിച്ചത്.
അതിസാഹസികമായ യാത്രയായിരുന്നു ഇത്. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തിലെ കോളനിയിലേക്ക് എത്താൻ തന്നെ ബുദ്ധിമുട്ടി. 10 മീറ്റർ കയറുകള്‍ കയർ കെട്ടിയാണ് ഇറങ്ങിയത്. ഒരു വശത്തേക്ക് മാത്രം നാല് മണിക്കൂറിലേറെ സമയമെടുത്ത യാത്രയായിരുന്നു. കോളനിയില്‍ എത്തിയപ്പോള്‍ മൂന്ന് പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പടെ നാല് പേർ കുടുങ്ങിക്കിടക്കുന്നതാണ് കണ്ടതെന്ന് റെയ്ഞ്ച് ഓഫീസർ കെ.ആഷിഫ് പറഞ്ഞു.
ഒന്ന് മുതല്‍ നാല് വയസ്സുവരെ പ്രായമുള്ള നാല് കുട്ടികളാണ് ആദിവാസി ദമ്ബതികള്‍ക്ക് ഉള്ളത്. ഇവർ ഇപ്പോള്‍ വനംവകുപ്പിന്‍റെ കാംപ് ഷഡ്ഡിലാണുള്ളത്.