ബെംഗളൂരു: ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നു. ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനു വേണ്ടി ബെംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ഇ.ഡി. സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് ലഭിച്ചത്.
മയക്കുമരുന്നു കേസില്‍ പ്രതിയായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അനൂപ് മുഹമ്മദ്, ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ ഇ.ഡി. സൂചിപ്പിക്കുന്നു. അനൂപിനെ ഇ.ഡി. 17-ാം തിയതി മുതല്‍ 21വരെ കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. ബെംഗളൂരുവില്‍ താന്‍ നടത്തിയിരുന്ന റെസ്‌റ്റോറന്റ് ബിനീഷ് കോടിയേരിയുടെ ബിനാമി ഇടപാട് ആയിരുന്നുവെന്നും അനൂപ് പറഞ്ഞിട്ടുണ്ട്. അനൂപിന്റെ ബോസ് ആണ് ബിനീഷെന്നും പറയുന്നതെന്തും അനൂപ് ചെയ്യുമെന്നും വെളിപ്പെടുത്തി. ബിനീഷിന്റെ ബിനാമി ഇടപാടുകളാണ് അനൂപ് ചെയ്തിരുന്നതെന്ന കണ്ടെത്തലും ഇ.ഡി. റിപ്പോര്‍ട്ടിലുണ്ട്. മൂന്നരക്കോടിയോളം രൂപ ബിനീഷ് അനൂപ് മുഹമ്മദിന് നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.