ബൈപ്പാസ് ഇല്ല , മേല്‍പ്പാലം തന്നെ

കൊല്ലം: കൊട്ടാരക്കര പുലമണ്‍ കവലയില്‍ മേല്‍പ്പാലം നിര്‍മ്മിക്കാന്‍ വീണ്ടും ആലോചന. ബൈപ്പാസിന് സാദ്ധ്യത മങ്ങിയതോടെയാണ് മേല്‍പ്പാലം നിര്‍മ്മിക്കുന്നകാര്യത്തില്‍ വീണ്ടും ആലോചന തുടങ്ങിയത്.

മേല്‍പ്പാലം നിര്‍മ്മിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ 59.75 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ നടപടിക്രമങ്ങള്‍ ഫയലില്‍ കുരുങ്ങിക്കിടന്നതാണ്. എം.സി റോഡിന്റെയും കൊല്ലം-തിരുമംഗലം ദേശീയപാതയുടെയും വികസനത്തിനായി 1500 കോടി രൂപ സംസ്ഥാന ബഡ്ജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. ഇതില്‍ നിന്ന് മേല്പാലത്തിന്റെ നിര്‍മ്മാണത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള തുകയും നീക്കിവയ്ക്കുമെന്നാണ് പ്രതീക്ഷ.

ബൈപ്പാസിന് അനുകൂല സാഹചര്യമില്ല

കൊല്ലം-തിരുമംഗലം ദേശീയപാതയും എം.സി റോഡും സംഗമിക്കുന്ന പ്രധാന കവലയാണ് പുലമണ്‍ ജംഗ്ഷന്‍. കൊട്ടാരക്കരയുടെ പ്രധാന ഭാഗവും ഇവിടമാണ്. കൊല്ലം, പുനലൂര്‍, തിരുവനന്തപുരം, അടൂര്‍ ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങളാണ് പുലമണ്‍ കവലയില്‍ സംഗമിക്കുന്നത്. കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ് സ്റ്റാന്‍ഡുകള്‍ ഉള്‍പ്പെടുന്ന പട്ടണത്തിന്റെ കണ്ണായ ഭാഗത്ത് മേല്‍പ്പാലം നിര്‍മ്മിക്കുന്നത് ഉചിതമല്ലെന്ന് ആക്ഷേപങ്ങളുണ്ടായപ്പോഴാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മെല്ലെപ്പോക്ക് നടത്തിയത്. പകരം എം.സി റോഡില്‍ തിരുവനന്തപുരം റോഡില്‍ നിന്ന് തുടങ്ങി അടൂര്‍ ഭാഗത്തേക്കുള്ള ഭാഗത്തെത്തുന്ന രീതിയില്‍ ബൈപ്പാസ് നിര്‍മ്മിക്കാന്‍ ആലോചന നടത്തി. തീര്‍ത്തും അനുകൂലമല്ലെന്ന സ്ഥിതി വന്നതോടെയാണ് മേല്‍പ്പാലം തന്നെ മതിയെന്ന തീരുമാനത്തിലേക്ക് എത്തുന്നത്.

ആദ്യ ആശയം: സ്റ്റീല്‍ പാലം

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വെട്ടിക്കവലയില്‍ ഒരു ചടങ്ങിനെത്തിയ മന്ത്രി ജി.സുധാകരനോട് മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണ പിള്ളയാണ് പുലമണില്‍ സ്റ്റീല്‍ മേല്‍പ്പാലം നിര്‍മ്മിക്കണമെന്ന ആശയം മുന്നോട്ടുവച്ചത്. മന്ത്രി സമ്മതിച്ചു. എന്നാല്‍ പിന്നീട് കോണ്‍ക്രീറ്റ് മേല്‍പ്പാലം മതിയെന്ന തീരുമാനമായി. തുകയും അനുവദിച്ചു. പക്ഷെ, തുടര്‍ നടപടികള്‍ മുടങ്ങി.

മേല്‍പ്പാലം ഇങ്ങനെ

750 മീറ്റര്‍ നീളവും 10.5 മീറ്റര്‍ വീതിയുമുള്ള മേല്‍പ്പാലമാണ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. 30 മീറ്റര്‍ അകലത്തില്‍ 25 തൂണുകളുണ്ടാകും. തിരുവനന്തപുരം ഭാഗത്തേക്കുള്ള റോഡില്‍ 2.5 മീറ്റര്‍ വീതിയിലും അടൂര്‍ ഭാഗത്തേക്ക് 1.5 മീറ്റര്‍ വീതിയിലും നടപ്പാതകളും ക്രമീകരിക്കും. ഒരുകിലോമീറ്റര്‍ ദൂരത്തില്‍ അപ്രോച്ച്‌ റോഡുകളുണ്ടാകും.

അന്തിമ തീരുമാനം ആയിട്ടില്ല

പുലമണ്‍ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ പുതിയ സംവിധാനം അനിവാര്യമാണ്. ബൈപ്പാസ് നിര്‍മ്മിക്കുന്നതിനോടാണ് കൂടുതല്‍ താത്പര്യം. എന്നാല്‍ ഭൂമി ഏറ്റെടുക്കുന്നതുള്‍പ്പടെ ഒട്ടേറെ സങ്കീര്‍ണമായ പ്രശ്നങ്ങളുണ്ട്. മേല്‍പ്പാലം നിര്‍മ്മിക്കുന്നതിന്റെ സാദ്ധ്യതാ പഠനം നടന്നുവരികയാണ്. അന്തിമ തീരുമാനം ആയിട്ടില്ല.

മന്ത്രി കെ.എന്‍.ബാലഗോപാല്‍

Related posts

Leave a Comment