വാഷിംഗ്ടണ്‍ : ഭരണത്തുടര്‍ച്ചയെന്ന സുന്ദര സ്വപ്നം അമേരിക്കക്കാര്‍ ഇല്ലാതാക്കിയെങ്കിലും അതിന്റെയെല്ലാം ദേഷ്യം ട്രംപ് തീര്‍ക്കുന്നത് ചൈനയോടായിരിക്കുമെന്ന് സൂചനകള്‍. സ്ഥാനമൊഴിയും എന്ന സൂചന ഇനിയും നല്‍കാത്ത ട്രംപിനെ സംബന്ധിച്ചിടത്തോളം ഇനിയും ചൈനയ്‌ക്കെതിരെ നടപടികളെടുക്കാന്‍ സമയമുണ്ടെന്നാണ് നയതന്ത്ര മേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നത്. എന്നാല്‍ ഇതെല്ലാം ബാധിക്കുന്നത് പുതിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയാവും. ലോകരാജ്യങ്ങളുമായി നല്ല ബന്ധം നിലനിര്‍ത്തുക എന്നതിലേക്ക് അദ്ദേഹത്തിന് അക്ഷീണം പ്രയത്നിക്കേണ്ടിവരും എന്നത് തന്നെ കാരണം.
പ്രധാനമായും രണ്ട് കാരണങ്ങളാലാണ് ട്രംപ് ചൈനയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. ഇതില്‍ ആദ്യത്തേത് ലോകം മുഴുവന്‍ കൊവിഡ് പരത്തിയതിന്റെ ഉത്തരവാദി ചൈനയെന്നതിലാണ്. കൊവിഡിനെ ചൈനാവ്യാധി എന്ന് ആദ്യം വിശേഷിപ്പിച്ച ട്രംപ്, ചൈനയുടെ പേരിലാണ് ലോക ആരോഗ്യ സംഘടനയെ പോലും രൂക്ഷമായി വിമര്‍ശിക്കുവാന്‍ മുതിര്‍ന്നത്. രണ്ടാമതായി അമേരിക്കന്‍ സമ്ബദ് വ്യവസ്ഥയ്ക്കുണ്ടായ ക്ഷീണവും ചൈനയുടെ തലയിലാക്കുവാനാണ് ട്രംപ് താത്പര്യപ്പെടുന്നത്. കൊവിഡ് കാലഘട്ടത്തിന് മുന്‍പ് ചൈനയുമായി വ്യാപര യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന അമേരിക്ക ഏകപക്ഷീയമായി ചൈനീസ് ഉത്പന്നങ്ങള്‍ക്ക് തീരുവ ഉയര്‍ത്തുന്നതിലാണ് ശ്രദ്ധിച്ചിരുന്നത്.
സൗത്ത് ചൈന മോണിംഗ് പോസ്റ്റിലെ മാര്‍ക്ക് മാഗ്നിയറുടെ അഭിപ്രായ പ്രകാരം ഇനിയുള്ള നാളുകളില്‍ ട്രംപിന്റെ നീക്കങ്ങള്‍ ചൈനയ്ക്ക് എതിരെയാവുമെന്ന് തന്നെയാണ്. ഇതിനായി തായ്‌വാനെ ഉപയോഗിക്കുവാനും സാദ്ധ്യതയുണ്ട്. ചൈനയില്‍ മുസ്ളിം ന്യൂനപക്ഷത്തിനെതിരെ ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ഉയര്‍ത്തിക്കാട്ടി ചൈനീസ് പൗരന്‍മാര്‍ക്ക് പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ക്ക് വിസ നിയന്ത്രണമടക്കമുള്ള കര്‍ശനമായ നടപടികളിലേക്ക് ട്രംപ് കടക്കുവാന്‍ സാദ്ധ്യതയുണ്ട്. ടിക് ടോക്ക്, വീ ചാറ്റ് എന്നിവയ്ക്ക് ശേഷം കൂടുതല്‍ ചൈനീസ് ആപ്ലിക്കേഷനുകളെ അമേരിക്കയില്‍ നിന്നും പടികടത്തുവാനും ഇനിയുള്ള നാളുകളില്‍ ട്രംപ് ശ്രമിച്ചേക്കാം. ചൈനീസ് ആപ്പുകള്‍ നിരോധിച്ച ഇന്ത്യയുടെ നടപടി ട്രംപിന്റെ മുന്‍പിലുണ്ടെന്നതും അദ്ദേഹത്തിന് പ്രചോദനമാകാം.
അതേസമയം ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റാലും ചൈനയുമായുള്ള ബന്ധം മുന്‍പത്തേ പോലെ ഊഷ്മളമാകുവാന്‍ സാദ്ധ്യതയില്ല. പ്രസിഡന്റായി വിജയിച്ച ശേഷം ബൈഡന്‍ നല്‍കിയ പ്രസംഗത്തില്‍ ലോകത്തെ നേതാവായുള്ള അമേരിക്കയുടെ പെരുമ തിരിച്ചു പിടിക്കും എന്നാണ് അണികളോട് പറഞ്ഞത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ചൈനയുടെ ശക്തി ഗണ്യമായി വര്‍ദ്ധിച്ചത് കണക്കിലെടുത്താല്‍ ബൈഡന്റെ നയങ്ങളില്‍ പലതും ട്രംപ് ഭരണകൂടവുമായി ചില സാമ്യത പുലര്‍ത്തുമെന്ന് കരുതുന്നവരും ഉണ്ട്. ഇത്തരമൊരു വികാരമാണ് കോര്‍നെല്‍ യൂണിവേഴ്സിറ്റിയിലെ നിയമ വിഭാഗത്തിലെ പ്രൊഫസറായ സാറാ ക്രെപ്സ് പങ്കുവയ്ക്കുന്നത്. ഇതിന് കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത് 73 ശതമാനം അമേരിക്കക്കാരും ചൈനയെ ഇഷ്ടപ്പെടുന്നില്ല എന്നതാണ്. മുസ്ലീം ന്യൂനപക്ഷങ്ങളുടെ വലിയൊരു ജനവിഭാഗത്തെ ചൈന അടിച്ചമര്‍ത്തുന്നത് തികഞ്ഞ മനുഷ്യ സ്‌നേഹി എന്ന വിശേഷണമുള്ള ബൈഡന്‍ കണ്ടുനില്‍ക്കുമെന്ന് കരുതാനാവില്ല.