ബീവറേജസ് കോര്‍പറേഷന്‍ പുറത്തിറക്കിയ ബെവ് ക്യു ആപ്പിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടതായി ഫെയര്‍ കോഡ് ടെക്‌നോളജീസ് അധികൃതര്‍ അറിയിച്ചെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. ഒട്ടിപി ലഭിക്കുന്നതിലെ കാലതാമസം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളാണ് പരിഹരിച്ചത്. ഏതെങ്കിലും ഫോണുകളില്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ആപ് റീഇന്‍സ്റ്റാള്‍ ചെയ്താല്‍ മതിയാകുമെന്നാണ് കമ്ബനി അധികൃതര്‍ അറിയിച്ചത്.
ഇന്ന് ഒമ്ബത് മണിവരെ ബുക്കിംഗ് സാധാരണ നിലയില്‍ നടന്നു. ബാറുകളിലും ബവ്കൊ, കണ്‍സ്യൂമര്‍ ഫെഡ് ഔട്‍ലറ്റുകളില്‍ വില്‍പന സുഗമമായാണ് പുരോഗമിക്കുന്നത്. പരമാവധി സമീപ പ്രദേശത്തുള്ള മദ്യവില്‍പ്പനശാലയില്‍ തന്നെ ടോക്കണ്‍ നല്‍കുന്ന രീതിയിലാണ് ആപ് ക്രമീകരിച്ചിരിക്കുന്നത്. . 20 കിലോമീറ്റര്‍ ദൂരെ വരെയുള്ള ഔട്‍ലറ്റുകളിലെ ടോക്കണ്‍ ലഭിച്ചതായുള്ള പരാതികള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. പിന്‍കോഡിന്റെ 20 കിലോമീറ്റര്‍ ചുറ്റളവ് കണക്കാക്കി ടോക്കണ്‍ നല്‍കുക എന്നത് ബിവറേജസ് കോര്‍പറേഷന്റെ തീരുമാനമാണ്. എല്ലാ ഔട്ട്ലെറ്റുകളിലും ഉപഭോക്താവിനെ ലഭിക്കുന്നതിനാണ് ഇത് ചെയ്യുന്നതെന്നും കമ്ബനി വ്യക്തമാക്കി.
പതിനാല് ലക്ഷം പേരാണ് ഇതിനോടകം ബെവ്ക്യു ആന്‍ഡ്രോയിഡ് ആപ്ലികേഷന്‍ ഡൗണ്‍ലോഡ് ചെയ്തത്. ഇന്ന് ബുക്കിംഗ് ആരംഭിച്ച് രണ്ട് മണിക്കൂറില്‍ 4,05,000 ടോക്കണാണ് നല്‍കിയത്. ഞായറാഴ്ചയും തിങ്കളാഴ്ചയും ഡ്രൈ ഡേ ആണെന്നിരിക്കെ ഇന്ന് കൂടുതല്‍ മദ്യവില്‍പന നടക്കുമെന്നാണ് ബെവ്കോയുടെ കണക്കുകൂട്ടല്‍.