ബെയ്‌റൂത്തില്‍ പൊട്ടിത്തെറിച്ചത് 2750 ടണ്‍ അമോണിയം നൈട്രേറ്റ്; സ്‌ഫോടനം നടന്നത് സ്വകാര്യ കമ്ബനിയുടെ ഗോഡൗണില്‍

ബെയ്‌റൂത്ത്: ലെബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ വന്‍ സ്‌ഫോടനത്തിന് കാരണമായത് 2750 ടണ്‍ അമോണിയം നൈട്രേറ്റ്. സ്വകാര്യ കമ്ബനിയുടെ ഗോഡൗണില്‍ സൂക്ഷിച്ച അമോണിയം നൈട്രേറ്റ് ആണ് പൊട്ടിത്തെറിച്ചത്. തുറമുഖത്തിന് സമീപത്തായിരുന്നു ഗോഡൗണ്‍. ആറു വര്‍ഷത്തോളമായി സ്ഥാപനം അവിടെ പ്രവര്‍ത്തിച്ചുവരുന്നു. ഒരു തരത്തിലുള്ള സുരക്ഷ സജ്ജീകരണങ്ങളുമില്ലാതെ സ്‌ഫോടക വസ്തു സൂക്ഷിച്ചിരുന്നതെന്നാണ് വിവരമെന്ന് പ്രധാനമന്ത്രി ഹസ്സന്‍ ദിയാബ് ഡിഫെന്‍സ് കൗണ്‍സില്‍ മീറ്റിങ്ങില്‍ പറഞ്ഞു.

ഇരട്ട ബോംബ് സ്‌ഫോടനത്തിന്റെ ഭീകരത വെളിവാക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്‌ഫോടനം നടന്ന ഗോഡൗണുകളിലൊന്നില്‍ ഇത്രയധികം അമോണിയം നൈട്രേറ്റ് സംഭരിച്ചിരുന്നുവെന്നത് നിയമ വിരുദ്ധമാണെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.
ചൊവ്വാഴ്ച രാത്രി വൈകിയാണ് സ്ഫോടനമുണ്ടായത്. സ്‌ഫോടനങ്ങളില്‍ 78 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നാലായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപമുള്ള വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. സ്‌ഫോടനത്തെത്തുടര്‍ന്ന് ബാല്‍ക്കണികള്‍ തകര്‍ന്നുവീഴുകയും ജനാലകള്‍ പൊട്ടിച്ചിതറുകയും ചെയ്തു. സംഭവത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

ആളിക്കത്തി തീയും പിന്നാലെ ചുവന്ന പുകയും ഉയര്‍ന്നപ്പോള്‍ ആളുകള്‍ ആദ്യം കരുതിയത് ശക്തമായ ഭൂചലനമാണെന്നാണ്. പിന്നീടാണ് കാര്യത്തിന്റെ ഗൗരവം മനസിലാക്കാനായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സ്‌ഫോടനത്തെത്തുടര്‍ന്ന്, ആകാശംമുട്ടുന്ന കൂറ്റന്‍ കൂണുപോലെ പുക ഉയരുന്നത് വിഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. സമീപത്തുള്ള കെട്ടിടങ്ങളുടെ ബാല്‍ക്കണികള്‍ തകര്‍ന്നുവീണു. ആണവസ്‌ഫോടനം നടന്നുവെന്നാണ് കരുതിയതെന്ന് ചിലര്‍ പ്രതികരിച്ചു.

രണ്ടാമത്തെ സ്‌ഫോടനം കൂടി നടന്നതോടെ അതിന്റെ ആഘാതം കിലോമീറ്ററുകളോളം അനുഭവപ്പെട്ടു. സ്‌ഫോടനം നടന്ന സ്ഥലത്ത് രക്തം തളം കെട്ടിക്കിടന്നിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Related posts

Leave a Comment