പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിര്‍ണായക രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 17 ജില്ലകളിലെ 94 നിയമസഭാ മണ്ഡലങ്ങളിലായി 2.85 കോടി വോട്ടര്‍മാര്‍ 1,500 ഓളം സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണ്ണയിക്കും. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ്, സഹോദരന്‍ തേജ് പ്രതാപ് യാദവ്, നിതീഷ് മന്ത്രിസഭയിലെ ആറു മന്ത്രിമാര്‍ തുടങ്ങിയവര്‍ ജനവിധി തേടുന്നുണ്ട്.
ബിജെപി സ്ഥാനാര്‍ഥി സതീഷ് കുമാറില്‍ നിന്ന് 2015ല്‍ വൈശാലി ജില്ലയിലെ രഘോപൂര്‍ മണ്ഡലം ആര്‍ജെഡി സ്ഥാനാര്‍ഥി തേജസ്വി യാദവ് തിരിച്ചുപിടിച്ചിരുന്നു. ഇതേ സീറ്റില്‍ ഇക്കുറി വീണ്ടും തേജസ്വി യാദവ് ജനവിധി തേടും. ആര്‍ജെഡിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥികൂടിയാണ് അദ്ദേഹം. 2015-ല്‍ ജെഡിയു-ആര്‍ജെഡി സംയുക്ത മുന്നണിയായ മഹാസഖ്യത്തിനായിരുന്നു മുന്‍തൂക്കം. ആര്‍ജെഡി. 33 സീറ്റും ജെഡിയു 30 സീറ്റും നേടി. ബിജെപി 20 സീറ്റിലും കോണ്‍ഗ്രസ് 7 സീറ്റിലും എല്‍ജെപി രണ്ട് സീറ്റിലും സിപിഐഎല്‍ ഒരു സീറ്റിലും വിജയിച്ചു.
തേജസ്വി യാദവിന്റെ സഹോദരന്‍ തേജ് പ്രതാപ് യാദവ്, നിതീഷ് മന്ത്രിസഭയിലെ ആറു മന്ത്രിമാര്‍ തുടങ്ങിയവരും ജനവിധി തേടുന്നുണ്ട്. സംസ്ഥാനത്തെ അതീവ പിന്നാക്ക പ്രദേശങ്ങളാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേറെയും. ന്യൂനപക്ഷ- പിന്നാക്ക, ദളിത്, മഹാദളിത് വിഭാഗങ്ങളില്‍പ്പെട്ട വോട്ടര്‍മാര്‍ ഏറെയുള്ളതാണ് സീമാഞ്ചല്‍ പ്രദേശം.
പ്രചാരണത്തിന്റെ അവസാന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ പിന്തുണച്ച് നാല് റാലികളെ അഭിസംബോധന ചെയ്തു. ഇക്കുറി ആര്‍ജെഡി 56 സീറ്റിലും ബിജെപി 46 സീറ്റിലും ജെഡിയു 43 സീറ്റിലുമാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് 24 സീറ്റിലും ഇടതുപാര്‍ട്ടികള്‍ 14, എല്‍ജെപി 52, ആര്‍.എല്‍.എസ്.പി 36 എന്നിങ്ങനെയും മത്സരിക്കുന്നു.
നിതീഷ് കുമാറിന്റെ മദ്യനിരോധന നയം, സ്ത്രീ ശാക്തീകരണം തുടങ്ങിയ പദ്ധതികള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ മണ്ഡലങ്ങള്‍ കൂടിയാണ് ഇന്ന് വിധിയെഴുതുന്നത്.
ഒക്ടോബര്‍ 28 ന് നടന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 55.69 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ താല്‍ക്കാലിക ഡാറ്റയില്‍ അറിയിച്ചു. കര്‍ശന സുരക്ഷയ്ക്കും കോവിഡ് -19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും ഇടയില്‍ 71 നിയമസഭാ മണ്ഡലങ്ങളിലാണ് പോളിംഗ് നടന്നത്.