ബെംഗളൂരു: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരി മയക്കുമരുന്ന് ഇടപാടുകളിലെ പ്രധാന കണ്ണി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്ത ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി അഞ്ചു ദിവസത്തേക്ക് നീട്ടി. ബിനീഷിനെ നവംബര്‍ ഏഴിന് വൈകിട്ട് മൂന്നു വരെയാണ് ബെംഗളൂരു സിറ്റി സെഷന്‍സ് കോടതി ഇഡി കസ്റ്റഡിയില്‍ വിട്ടത്.
2012 മുതല്‍ 2019 വരെ ബിനീഷിന്റെ വിവിധ ബാങ്ക് അക്കൗണ്ടണ്ടുകളിലേക്കെത്തിയത് അഞ്ചു കോടിയിലേറെ രൂപ(5,17,36,600). മയക്കുമരുന്ന് ഇടപാടുകളിലൂടെ ലഭിച്ചതാണ് ഈ തുകയെന്നും ഇഡി പറയുന്നു. ബിനീഷിന്റെ കസ്റ്റഡി കാലാവധി നീട്ടാന്‍ ബെംഗളൂരു സിറ്റി സെഷന്‍സ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് ഗുരുതര ആരോപണങ്ങളുള്ളത്.
ബിനീഷിന്റെ കോടികളുടെ സാമ്ബത്തിക ഇടപാടുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്ന് ഇഡി കോടതിയില്‍ പറഞ്ഞു. ആരോഗ്യപ്രശ്നങ്ങള്‍ പറഞ്ഞ് ബിനീഷ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പത്തു ദിവസത്തേക്കു കൂടി കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു ഇ ഡിയുടെ ആവശ്യം. ഈ വാദം അംഗീകരിച്ചാണ് കോടതി അഞ്ചു ദിവസത്തേക്കു കൂടി കസ്റ്റഡി അനുവദിച്ചത്. തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ബിനീഷ് വാദിച്ചെങ്കിലും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് ഇഡി ഹാജരാക്കിയതോടെ ഇത് കോടതി തള്ളി.
ബെംഗളൂരു മയക്കുമരുന്നു കേസിലെ പ്രധാനപ്രതി എറണാകുളം സ്വദേശി അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ബിനീഷിനെ അറസ്റ്റു ചെയ്തത്. ബിനീഷിനെ കോടതി നാലു ദിവസം ഇഡി കസ്റ്റഡിയില്‍ വിട്ടിരുന്നു. ആദ്യ കസ്റ്റഡി കാലാവധി ഇന്നലെ വൈകിട്ട് നാലു മണിവരെ ആയിരുന്നു. മൂന്നു മണിയോടെ കൊറോണ രോഗ പരിശോധന ഉള്‍പ്പെടെയുള്ള വൈദ്യപരിശോധനകള്‍ പൂര്‍ത്തിയാക്കി നാലു മണിയോടെ കോടതിയില്‍ ഹാജരാക്കി.
അഞ്ചു മണിയോടെ കേസ് പരിഗണിച്ച കോടതി ഇരു ഭാഗത്തെയും വാദങ്ങള്‍ കേട്ടതിനു ശേഷം അഞ്ചരയോടെ ഇഡി കസ്റ്റഡി അനുവദിച്ചു. കോടതി നടപടികള്‍ക്ക് ശേഷം ബിനീഷിനെ വില്‍സണ്‍ ഗാര്ഡന് പോലീസ് ലോക്കപ്പിലേക്ക് മാറ്റി. ഇന്ന് രാവിലെ എട്ടരയോടെ ജയിലില്‍ നിന്ന് ഇഡി ഓഫീസില്‍ എത്തിക്കും.