ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായി കൊവിഡ് മഹാമാരി നാശം വിതയ്‌ക്കുന്നതും കൊടുങ്കാറ്റുകള്‍ വരുന്നതും ‘ദൈവത്തിന്റെ ഇടപെടല്‍’ കൊണ്ടാണെന്ന് വാദവുമായി സമാജ്‌വാദി പാര്‍ട്ടി എം.പി എസ്.ടി ഹസന്‍.
രാജ്യത്തെ മുസ്ളീം മതവിഭാഗത്തിനെതിരെ എന്‍ഡിഎ സര്‍ക്കാര്‍ തിരിഞ്ഞതും ശരീയത്ത് നിയമത്തില്‍ കൈകടത്തിയതുമാണ് ഇതിന് കാരണമായി ഹസന്‍ പറയുന്നത്. ‘മുസ്ളീങ്ങള്‍ക്കെതിരെ ഇത്തരം അനീതി കാട്ടിയത് മൂലം ആകാശത്ത് നിന്നും ചുഴലിക്കാറ്റുണ്ടാകുന്ന രൂപത്തിലും പാവങ്ങള്‍ മഹാരോഗം വന്ന് മരിക്കുന്ന രീതിയിലും നാശങ്ങളുണ്ടാകാന്‍ കാരണമായി’ ഹസന്‍ അഭിപ്രായപ്പെട്ടു.
.യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ഭരണംകാരണം ജനങ്ങള്‍ക്ക് മരണമടഞ്ഞ ബന്ധുക്കള്‍ക്ക് അന്തിമാചാരങ്ങള്‍ ചെയ്യാന്‍ പോലും കഴിയാതെയായി. മൃതദേഹങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലും അവ നായ്‌ക്കള്‍ കടിച്ചുകീറുന്നതും രാജ്യത്തെവിടെയെങ്കിലും കണ്ടിട്ടുണ്ടോയെന്നും എസ്.ടി ഹസന്‍ ചോദിച്ചു. ‘ലോകത്തെവിടെങ്കിലും സംസ്‌കരിക്കുന്നതിന് പകരം മൃതദേഹം പുഴയിലൊഴുക്കിയിട്ടുണ്ടോ? മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ വിറക് പോലും ലഭ്യമല്ല. ഇത് എന്തുതരം ഭരണമാണ്?’ ഹസന്‍ രൂക്ഷമായി യോഗി സര്‍ക്കാരിനെ വിമര്‍ശിച്ചു. ലോകത്ത് അമാനുഷികമായ ഏതോ ശക്തിയുണ്ടെന്നും അത് അനീതിയെ തടുക്കുമെന്നും ഓരോ ഇന്ത്യക്കാരും വിശ്വസിക്കുന്നുവെന്ന് ഹസന്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ ഹസന്റെ പ്രവര്‍ത്തിയും സംസാരവും ഐസിസിന് തുല്യമാണെന്ന് ഉത്തര്‍പ്രദേശ് ന്യൂനപക്ഷകാര്യ മന്ത്രി മൊഹ്‌സീന്‍ റാസ അഭിപ്രായപ്പെട്ടു. ഇത്തരക്കാര്‍ മാത്രമേ ശരീയത്ത് നിയമത്തില്‍ വിശ്വസിക്കാറുളളുവെന്നും അദ്ദേഹം പറഞ്ഞു.