കൊച്ചി: ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാബവന്‍ സോബിയെയും പ്രകാശന്‍ തമ്ബിയെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ സിബിഐ തീരുമാനം. ഇതിനുള്ള അനുമതി തേടി കോടതിയെ സമീപിക്കുന്നതാണ്. കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലുകള്‍ക്ക് അടിസ്ഥാനമില്ലെന്ന നിഗമനത്തിലാണ് സിബിഐ.
ബാലഭാസ്‌കറിന്റെ അപകട സ്ഥലത്ത് പലരെയും കണ്ടെന്നും അവര്‍ വാഹനം വെട്ടിപ്പൊളിക്കാന്‍ ശ്രമിച്ചു എന്നുമുള്ള വിവരങ്ങളാണ് കലാഭവന്‍ സോബി സിബിഐയോട് പറഞ്ഞത്. തുടര്‍ന്ന് കലാഭവന്‍ സോബിയെ സംഭവസ്ഥലത്ത് കൊണ്ടുപോയി സിബിഐ തെളിവെടുപ്പു നടത്തി. വിശദമായ മൊഴിയുമെടുത്തു. എന്നാല്‍ സിബിഐയുടെ പരിശോധനയില്‍ അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് സോബി പറയുന്നതെന്നാണ് സിബിഐ ഭാഷ്യം. ഇതിന്റെ ഭാഗമായി അപകടം നടന്ന സ്ഥലത്തിന് സമീപമുള്ള വീട്ടുകാരുടെ മൊഴി സിബിഐ എടുത്തിരുന്നു.
വീട്ടുകാരാണ് അപകടം നടന്ന സ്ഥലത്തേക്ക് ആദ്യമെത്തുന്നത്. അപകടമാണ് സംഭവിച്ചതെന്നും പുറത്തു നിന്നുള്ളവരുടെ ഇടപെടല്‍ അതിലില്ല എന്നുമാണ് സിബിഐ അന്വേഷണത്തില്‍ വ്യക്തമായത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കലാഭവന്‍ സോബിയെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ സിബിഐ തീരുമാനിക്കുന്നത്. കോടതിയുടെ അനുമതിയോടെ നുണപരിശോധനയ്ക്ക് വിധേയമാക്കാനാണ് സിബിഐ തീരുമാനം.
ബാലഭാസ്‌കറിന്റെ മാനേജരും തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതിയുമായ പ്രകാശ് തമ്ബിയെയും കഴിഞ്ഞ ദിവസം സിബിഐ വിശദമായി ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ ബാലഭാസ്‌കറും ഡ്രൈവറും കടയില്‍ക്കയറി ജ്യൂസ് കുടിച്ചിരുന്നു. എന്നാല്‍ അപകടത്തിനു ശേഷം ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ജ്യൂസ് കടയില്‍ നിന്ന് പ്രകാശന്‍തമ്ബി ശേഖരിച്ചു എന്നതാണ് ഇയാളെ സംശയമുനയില്‍ നിര്‍ത്തിയത്. മാത്രമല്ല പ്രകാശന്‍തമ്ബി പറഞ്ഞതനുസരിച്ചാണ് ബാലഭാസ്‌കര്‍ അന്നേ ദിവസം രാത്രി യാത്ര പുറപ്പെട്ടതെന്നതും കൂടുതല്‍ വിവാദങ്ങള്‍ക്കിടയാക്കി.
എന്നാല്‍ ബാലഭാസ്‌കറിന്റെ പിതാവ് പറഞ്ഞതനുസരിച്ചാണ് സിസിടിവി ദൃസ്യം ശേഖരിച്ചതെന്നും ഒരു ചിത്രത്തിനുവേണ്ടിയുള്ള സംഗീതം പൂര്‍ത്തിയാക്കാന്‍ അടിയന്തിരമായി നിര്‍ദേശം വന്നതുകൊണ്ടാണ് അന്ന് രാത്രി തന്നെ ബാലഭാസ്‌കര്‍ മടങ്ങിയതെന്നുമാണ് പ്രകാശന്‍ തമ്ബിയുടെ മൊഴി.
കൊച്ചിയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നുണപരിശോധനയ്ക്കായുള്ള അപേക്ഷ അടുത്ത ദിവസങ്ങളില്‍ സിബിഐ സമര്‍പ്പിക്കും