തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ വാഹനമോടിച്ചത് ഡ്രൈവര്‍ അര്‍ജുനാണെന്ന് ക്രൈംബ്രാഞ്ചിന്റെ നിര്‍ണായക കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ അര്‍ജുനെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കും. അര്‍ജുനാണ് കാര്‍ ഓടിച്ചതെന്ന് ശരിവയ്ക്കുന്ന ഫൊറന്‍സിക് പരിശോധന ഫലവും ക്രൈംബ്രാഞ്ചിന് ലഭിച്ചു.
അപകടസമയത്ത് കാര്‍ ഓടിച്ചത് ബാലഭാസ്‌കര്‍ ആണെന്നായിരുന്നു അര്‍ജുന്‍ നേരത്തെ നല്‍കിയ മൊഴി. എന്നാല്‍ കാര്‍ ഓടിച്ചത് അര്‍ജുനാണെന്നും ബാലഭാസ്‌കറും മകളും പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്നുവെന്നുമാണ് ബാലഭാസ്‌കറുടെ ഭാര്യ ലക്ഷ്മി മൊഴി നല്‍കിയത്. മൊഴികളില്‍ വൈരുദ്ധ്യം വന്നതോടെയാണ് ക്രൈംബ്രാഞ്ച് ശാസ്ത്രീയ പരിശോധനകള്‍ നടത്തിയത്. അപകട സമയത്ത് കാര്‍ 120 കിലോമീറ്റര്‍ വേഗതയിലാകാമെന്നും നിലവില്‍ കേസില്‍ മറ്റ് ദുരൂഹതകള്‍ സംശയിക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
അപകടത്തില്‍ അര്‍ജുനേറ്റ പരിക്കുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹമാണ് കാറോടിച്ചതെന്നാണ് ഡോക്ടര്‍മാര്‍മാരുടെയും അഭിപ്രായം. സാഹചര്യ തെളിവുകളും ദൃക്സാക്ഷിമൊഴികളും അര്‍ജുന് എതിരാണ്. ദൃക്സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനം. 2018 സെപ്തംബര്‍ 25ന് തിരുവനന്തപുരം പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്‌കറും മകള്‍ തേജസ്വിനിയും മരണപ്പെട്ടത്.