ബാലഭാസ്‌കറിന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം സ്വര്‍ണക്കടത്ത് കേസിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുന്നു

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം സ്വര്‍ണക്കടത്ത് കേസിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുന്നു. ബാലഭാസ്‌കറിന്റെ മുന്‍ മാനേജര്‍മാരായിരുന്ന പ്രകാശന്‍ തമ്ബി, വിഷ്ണു സോമസുന്ദരം എന്നിവര്‍ പ്രതികളായ സ്വര്‍ണക്കടത്ത് കേസിന്റെ വിശദാംശങ്ങളാണ് സിബിഐ പരിശോധിക്കുന്നത്. 2019 ല്‍ 200 കിലോയിലധികം സ്വര്‍ണം പ്രകാശന്‍ തമ്ബിയും വിഷ്ണു സോമസുന്ദരവും കടത്തിയ കേസിന്റെ വിശദാംശങ്ങള്‍ ഡി.ആര്‍.ഐയില്‍ നിന്ന് ബാലഭാസ്‌കറിന്റെ മരണം അന്വേഷിക്കുന്ന തിരുവനന്തപുരം സിബിഐ യൂണിറ്റിലെ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ശേഖരിച്ചു.
സ്വര്‍ണക്കടത്ത് സംഘത്തിന് പിന്നിലുള്ളവര്‍ക്ക് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധമുണ്ടെന്ന് ബാലഭാസ്‌കറിന്റെ പിതാവ് സി.കെ. ഉണ്ണി ആരോപിച്ചിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സിബിഐ ശേഖരിക്കുന്നത്. ബാലഭാസ്‌കറിന്റെ മരണ ശേഷമാണ് പ്രകാശന്‍ തമ്ബിയും വിഷ്ണു സോമസുന്ദരവും സ്വര്‍ണക്കടത്ത് നടത്തിയതെന്നാണ് ഡിആര്‍ഐ കണ്ടെത്തിയിരിക്കുന്നത്. സിബിഐ പ്രകാശന്‍ തമ്ബിയുടെയും വിഷ്ണു സോമസുന്ദരത്തിന്റെയും പോളിഗ്രാഫ് അടക്കമുള്ള ശാസ്ത്രീയ പരിശോധനകള്‍ നടത്തിയിരുന്നു. ഇതിന്റെ പൂര്‍ണഫലം കൂടി ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് സിബിഐയുടെ നീക്കം. ഇരുവരെയും കൂടാതെ അപകടസമയത്ത് വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ അര്‍ജുന്‍, ബാലഭാസ്‌കറിന്റേത് കൊലപാതകമാണെന്നും താന്‍ ദൃസാക്ഷിയാണെന്നും മൊഴി നല്‍കിയ കലാഭവന്‍ സോബി എന്നിവരുടേയും ശാസ്ത്രീയ പരിശോധന നടത്തിയിരുന്നു.

Related posts

Leave a Comment