തിരുവനന്തപുരം : മന്ത്രിസഭാ തീരുമാനങ്ങള്‍ പൂര്‍ണമായും വിവരാവകാശ നിയമപ്രകാരം നല്‍കണമെന്നതില്‍ ഉറച്ചു നില്‍ക്കുന്നതായി സ്ഥാനമൊഴിയുന്ന മുഖ്യവിവരാവകാശ കമ്മിഷണര്‍ വിന്‍സന്‍ എം.പോള്‍. വിജിലന്‍സ് ഡയറക്ടറായിരിക്കെ ബാര്‍കോഴക്കേസില്‍ തെളിവില്ലെന്ന തന്‍റെ നിലപാടില്‍നിന്നു ഒരുപടി മുന്നോട്ടുപോകാന്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥനും സാധിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ മുന്‍മന്ത്രി കെ.എം. മാണിയെ ഒഴിവാക്കണമെന്ന് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നും വിന്‍സന്‍ എം. പോള്‍ മാതൃഭൂമിയോട് പറഞ്ഞു.
കെ.എം. മാണിക്കെതിരേ വിജിലന്‍സിന്റെ പക്കല്‍ ഒരു തെളിവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പോള്‍ മുത്തൂറ്റിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് എസ് കത്തിയാണെന്ന തന്റെ പ്രയോഗമാണ് ആ സംഭവത്തെ അത്ര വലിയ വിവാദമാക്കിയതെന്നും വിന്‍സന്‍ എം. പോള്‍ കൂട്ടിച്ചേര്‍ത്തു.
ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് കെ.എം. മാണിയുടെ പേര് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തേണ്ട എന്ന് താങ്കള്‍ നിര്‍ദേശിച്ചു എന്നായിരുന്നല്ലോ അന്നത്തെ വലിയ വിവാദമെന്ന ചോദ്യത്തിന് ഷ്ട്രീയമായി അതിനെ ഒരു വിവാദമാക്കി മാറ്റി എന്നായിരുന്നു വിന്‍സന്‍ എം. പോളിന്റെ മറുപടി. വിശദമായ അന്വേഷണം നടത്തിക്കഴിഞ്ഞപ്പോഴാണ് അദ്ദേഹത്തിനെതിരേ സാക്ഷിമൊഴിയോ രേഖാമൂലമായ തെളിവുകളോ ഇല്ലെന്ന രീതിയിലേക്ക് വന്നതെന്നും വിന്‍സന്‍ പോള്‍ വ്യക്തമാക്കി.