തിരുവനന്തപുരം : ആരോഗ്യവകുപ്പ് താത്കാലിക നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി മഹിളാമോര്‍ച്ച.
ആര്യ രാജേന്ദ്രന്‍ മേയര്‍ പദവി രാജിവെച്ചൊഴിയണം. കോര്‍പ്പറേഷനിലെ നിയമന അഴിമതിയില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് മഹിളാമോര്‍ച്ച പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.
മാര്‍ച്ചിനെ പോലീസ് ബാരിക്കേഡ് വെച്ച് തടയാന്‍ ശ്രമിച്ചെങ്കിലും മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടന്ന് കോര്‍പ്പറേഷന് അകത്തേയ്ക്ക് പ്രവേശിച്ചു.
കോര്‍പ്പറേഷന്റെ അകത്തേയ്ക്ക് മുദ്രവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകരെ പോലീസ് കയ്യേറ്റം ചെയ്യുകയും മര്‍ദ്ദിക്കുകയും ഇവര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.
വനിതാ പ്രവര്‍ത്തകരെ അടിക്കാന്‍ പോലീസ് ശ്രമിച്ചതോടെ ബിജെപി കൗണ്‍സിലര്‍മാര്‍ ഇവരെ തടഞ്ഞു.കോര്‍പ്പറേഷന്റെ പ്രധാന ഗേറ്റിന് മുന്നിലാണ് മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
ഇതിനെ എതിര്‍ക്കാനായി പോലീസ് ശ്രമിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ പിന്മാറി.
മേയര്‍ രാജിവെച്ച് അന്വേഷണം നേരിടണം. അല്ലാത്തപക്ഷം പ്രതിഷേധ സമരം ശക്തമാക്കുമെന്നും ബിജെപി പ്രതികരിച്ചു.