ചേറോട് മലയില്‍ ഇന്നലെ രാത്രി കയറിയത് രാധാകൃഷ്ണനെ താഴെ എത്തിച്ചത് വനം വകുപ്പ് തന്നെയാണെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍.ബാബുവിനെതിരെ നടപടി എടുക്കാതിരുന്നതിനാല്‍ അത് മറയാക്കി കൂടുതല്‍ ആളുകള്‍ മല കയറുകയാണ്.അനധികൃത കടന്നു കയറ്റം തടയും.
പരിശോധന സംവിധാനം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
സംരക്ഷിത വനമേഖലകളില്‍ ആളുകള്‍ പ്രവേശിക്കുന്നത് തടയാന്‍ പരിശോധന കര്‍ശനമാക്കും. സിവില്‍ ഡിഫെന്‍സ് വളണ്ടിയര്‍മാരെ കൂടി ഇതില്‍ പങ്കാളികളാക്കും.ഒരാഴ്ചക്കകം അവിടെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ രാത്രിയാണ് ആനക്കല്ല് സ്വദേശി രാധാകൃഷ്ണന്‍ വനത്തിനുള്ളില്‍ കയറിയത്.ആദിവാസികള്‍ക്ക് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ കയറാമെന്ന് വനം വകുപ്പ് അറിയിച്ചു. അതേസമയം, ബാബുവിനെതിരെ കേസ് എടുക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. ഞായറാഴ്ച രാത്രി ഒമ്ബത് മണിയോടെയാണ് ബാബു കുടുങ്ങിയ മലമ്ബുഴ ചെറാട് കുര്‍മ്ബാച്ചി മലമുകളിലേക്ക് വീണ്ടും ആളുകള്‍ കയറിയതായി സംശയം ബലപ്പെട്ടത്. മലയുടെ മുകള്‍ ഭാഗത്ത് നിന്ന് ഫ്‌ളാഷ് ലൈറ്റുകള്‍ തെളിഞ്ഞിരുന്നു. പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ തുടങ്ങി. പ്രദേശവാസികളാണ് ഇക്കാര്യം അധികൃതരെ വിളിച്ച് അറിയിക്കുന്നത്.
പ്രദേശവാസി തന്നെയായ രാധാകൃഷണന്‍ എന്തെങ്കിലും ആവശ്യത്തിനായി പോയി തിരിച്ചുവരുന്നതിനിടെ വഴി തെറ്റിയതാകാമെന്നാണ് പ്രാഥമിക വിവരം. ഇതേ മലയുടെ മുകളില്‍ കുടുങ്ങിയ ബാബുവിനെ സൈന്യത്തിന്റെ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്. രണ്ടു ദിവസത്തോളമാണ് ബാബു മലയിടുക്കില്‍ കുടുങ്ങിയത്. സുഹൃത്തുക്കള്‍ക്കൊപ്പം മല കയറിയ ബാബു തിരിച്ചിറങ്ങുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു.