കോഴിക്കോട് : വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ 26 കിലോ സ്വർണ്ണ തട്ടിപ്പില്‍ നിർണായക അറസ്റ്റ്. പ്രതി മുൻ ബാങ്ക് മാനേജർ മധ ജയകുമാർ പിടിയിലായി.
തെലങ്കാനയില്‍ നിന്നാണ് പ്രതി പിടിയിലായത്. തെല്ലങ്കാന പൊലീസിന്റെ കസ്റ്റഡിയിലുള്ള മധ ജയകുമാറിനെ അറസ്റ്റ് ചെയ്യാനായി കേരളാ പൊലീസിന്റെ അന്വേഷണ സംഘം പുറപ്പെട്ടു.
17 കോടിയുടെ സ്വർണ്ണം നഷ്ടമായ വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയില്‍ നടന്നത് അവിശ്വനീയമായ കഥകളാണ്. മൂന്ന് വർഷമായി ബാങ്കിലുണ്ടായിരുന്ന മാനേജർ സ്ഥലംമാറി പോകുന്നു. പിറകെ എത്തിയ പുതിയ മാനേജർ നടത്തിയ പരിശോധനയില്‍ ബാങ്കിലെ 26 കിലോ സ്വർണ്ണം വ്യാജമാണെന്ന് തെളിയുന്നു. സ്ഥലം മാറ്റിയ മുൻ മാനേജർ മധ ജയകുമാർ പുതിയ സ്ഥലത്ത് ചുമതല ഏല്‍ക്കാതെ മാറി നില്‍ക്കുന്നു. പിന്നീട് ഫോണ്‍ സ്വിച്ചോഫാക്കി മുങ്ങുന്നു. ഒടുവില്‍ എല്ലാത്തിനും പിറകില്‍ സോണല്‍ മാനേജറാണെന്നും, കാർഷിക വായ്പയുടെ മറവില്‍ സ്വകാര്യ ധനകാര്യ സ്ഥാപനവുമായി ചേർന്ന് വൻ തട്ടിപ്പാണ് നടന്നതെന്ന വ്യക്തമാക്കി വീഡിയോയുമായി രംഗത്തെത്തുന്നു.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ സ്വർണ്ണമാണ് പണയം വെച്ചതെന്നും, സോണല്‍ മാനേജരുടെ നിർദേശ പ്രകാരം ആണ് കാർഷിക ഗോള്‍ഡ് ലോണ്‍ നല്‍കിയതെന്നുമായിരുന്നു മധ ജയകുമാറിന്റെ പ്രധാന വിശദീകരണം. ഇക്കാര്യങ്ങളിലെല്ലാം പ്രതി അറസ്റ്റിലായതോടെ കൃത്യമായ വിശദീകരണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേസില്‍ ജില്ലാ ക്രൈം ബ്രാഞ്ച് സംഘം ഇന്ന് ബാങ്ക് ഓഫിസില്‍ എത്തി പരിശോധന നടത്തും. ബാങ്ക് രജിസ്റ്ററുകളാണ് അന്വേഷണ സംഘം പരിശോധിക്കുക. കേസ് അന്വേഷണം ഏറ്റെടുത്തതിന് ശേഷം ജില്ലാ ക്രൈം ബ്രാഞ്ചു സംഘം ആദ്യമായാണ് ബാങ്കില്‍ നേരിട്ട് എത്തുന്നത്.