ബലാത്സംഗത്തിന് ഇരയായ യുവതിയെ ഭീഷണിപ്പെടുത്തി, കൂട്ടുനിന്ന് പോലീസ്: മോന്‍സനെതിരെ പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍

കൊച്ചി: പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കൊച്ചിയില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലില്‍ ബലാത്സംഗ കേസിലും വഴിവിട്ട ഇടപെടലുകള്‍ നടത്തിയതായി വെളിപ്പെടുത്തല്‍. സുഹൃത്തിനെ രക്ഷപെടുത്താനായി മോന്‍സണ്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരി പ്രമുഖ ചാനലിനോട് വെളിപ്പെടുത്തി. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ മോന്‍സന്‍ മാവുങ്കല്‍ ഭീഷണിപ്പെടുത്തി കേസില്‍ നിന്ന് പിന്മാറാന്‍ നിര്‍ബന്ധിച്ചുവെന്നാണ് ഉയര്‍ന്നിരിക്കുന്ന പരാതി.

ഹണിട്രാപ്പില്‍ കുടുക്കുമെന്നായിരുന്നു മോന്‍സന്‍്റെ ഭീഷണി. ഉന്നത സ്വാധീനമുപയോഗിച്ച്‌ കുടുംബത്തെ കേസില്‍ കുടുക്കുമെന്നും കേസ് പിന്‍വലിച്ചില്ലെങ്കില്‍ പിന്നീട് അനുഭവിക്കുമെന്ന് പലതവണ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിക്കാരി പറയുന്നത്. ആലപ്പുഴ സ്വദേശി ശരത്തിനെതിരായ ബലാത്സംഗ പരാതി പിന്‍വലിക്കാനായിരുന്നു മോന്‍സന്റെ ഇടപെടല്‍. മോന്‍സന്റെ ബിസിനസ് പങ്കാളിയാണ് ശരതിന്റെ കുടുംബം. പരാതി പിന്‍വലിക്കാതിരുന്നതോടെ ഇയാളുടെ ഗുണ്ടകള്‍ വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പൊലീസില്‍ നല്‍കിയ പരാതികള്‍ അപ്പപ്പോള്‍ മോന്‍സന് ലഭിച്ചിരുന്നുവെന്നുമാണ് യുവതി ആരോപിക്കുന്നത്. മോന്‍സന്‍ ഭീഷണിപ്പെടുത്തിയെന്ന പരാതി സ്വാധീനം ഉപയോഗിച്ച്‌ അട്ടിമറിച്ചെന്നും പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

‘എന്നെ കല്ല്യാണം കഴിക്കുമെന്ന് വാഗ്ദാനം ചെയ്തു. എന്നെ മാത്രമല്ല, എന്റെ കുടുംബത്തേയും നേരിട്ട് വന്ന് കണ്ടു. എന്നാല്‍ പിന്നീട് വിവാഹത്തില്‍ നിന്നും പിന്മാറി. ഒടുവില്‍ എന്റെ സ്വകാര്യവീഡിയോകള്‍ മോന്‍സന് കൊടുക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. നിരന്തരം ഭീഷണിയായിരുന്നു. മോന്‍സന്‍ എന്റെ ചേട്ടനെ ബന്ധപ്പെട്ടിരുന്നു. സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞതോടെ ഗുണ്ടകളെ വിട്ടു. രാഷ്ട്രീയക്കാരും ബിസിനസുകാരും ഒക്കെ വിളിക്കാന്‍ തുടങ്ങി. മോന്‍സണ്‍ വലിയ സ്വാധീനമുള്ളയാളാണ്. കേസ് പിന്‍വലിക്കണം. പെണ്‍കുട്ടിയുടെ ഭാവി നശിക്കും എന്ന് ഭീഷണിപ്പെടുത്തി. കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ വീഡിയോസ് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. അത് വാങ്ങാതെ ഞങ്ങള്‍ കേസുമായി മുന്നോട്ട് പോവുകയായിരുന്നു. എന്നാല്‍ ജാമ്യമില്ലാ വകുപ്പായിട്ട് പോലും അവര്‍ക്ക് ജാമ്യം ലഭിച്ചു’, യുവതി പറഞ്ഞു.

പുരാവസ്തു വില്‍പ്പനയുടെ മറവില്‍ കോടികളുടെ സാമ്ബത്തിക തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കല്‍ ക്രൈംബ്രാഞ്ച് പിടിയിലായതിന് പിന്നാലെ കൂടുതല്‍ കള്ളക്കളികള്‍ പുറത്ത് വരികയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും രാഷ്ട്രീയ നേതാക്കളുമായും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു.

Related posts

Leave a Comment