ബന്ധുക്കളോടും കുടുംബാംഗങ്ങളോടും സംസാരിക്കാന്‍ മകളെ അനുവദിക്കാറില്ല, മകളുടെ പ്രസവം ഉള്‍പ്പടെ അറിയിച്ചില്ല, കുടുംബക്കാരുടെ ഫോണ്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്തു; കോഴിക്കോട് സ്വദേശിനി അനഘയുടെ ആത്മഹത്യയ്‌ക്കു പിന്നില്‍ ഭര്‍ത്താവും ഭര്‍ത്താവിന്റെ കുടുംബവുമാണെന്ന ആരോപണവുമായി ബന്ധുക്കള്‍

കോഴിക്കോട്: കോഴിക്കോട് പറമ്പില്‍ ബസാര്‍ സ്വദേശിനി അനഘയുടെ ആത്മഹത്യയ്‌ക്കു പിന്നില്‍ ഭര്‍ത്താവും ഭര്‍ത്താവിന്റെ കുടുംബവുമാണെന്ന ആരോപണവുമായി യുവതിയുടെ ബന്ധുക്കള്‍.

അനഘ ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടത്. മരണത്തിനു കാരണക്കാരായവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കുടുംബം ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കി.

2020 മാര്‍ച്ച്‌ 25നായിരുന്നു അനഘയും ശ്രീജേഷും തമ്മിലുള്ള വിവാഹം നടന്നത്. ഇതിനുശേഷം അനഘയെ ഭര്‍ത്താവും ഭര്‍തൃമാതാവും സഹോദരിയും ചേര്‍ന്ന് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു എന്നാണ് അനഘയുടെ കുടുംബത്തിന്റെ ആരോപണം. അനഘയുടെ ബന്ധുക്കളോടും കുടുംബാംഗങ്ങളോടും സംസാരിക്കാന്‍ മകളെ അനുവദിക്കാറില്ല.

മകളുടെ പ്രസവം ഉള്‍പ്പടെ അറിയിച്ചില്ലെന്നും കുടുംബക്കാരുടെ ഫോണ്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്‌തെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഇത്തരം പീഡനങ്ങള്‍ സഹിക്കാന്‍ കഴിയാതെയാണ് അനഘ ആത്മഹത്യ ചെയ്തതെന്നും അനഘയുടെ അമ്മ ആരോപിച്ചു.

മകളുടെ മരണവിവരം പോലും അറിയിക്കാന്‍ വൈകി. മകള്‍ക്ക് നീതി ലഭിക്കണമെന്നും മരണത്തിനുത്തരവാദികളായ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരെ നടപടി വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടിയാണ് ചേവായൂര്‍ പൊലീസിനെ സമീപിച്ചത്.

Related posts

Leave a Comment