ഓട്ടവ: ഇരുരാജ്യങ്ങളും തമ്മിലുള്ള നതയന്ത്രബന്ധം വഷളാകുന്നതിനിടെ ഇന്ത്യയ്ക്കെതിരെ പുതിയ ആരോപണവുമായി കാനഡ.
രണ്ടുമാസംമുൻപ് ബ്രിട്ടീഷ് കൊളംബിയയിൽ കൊല്ലപ്പെട്ട ഖലിസ്ഥാൻ വിഘടനവാദി നേതാവിൻ്റെ മരണത്തിനു പിന്നിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നാണ് കാനഡയുടെ ആരോപണം.
ഇക്കാര്യത്തിൽ അന്വേഷണോദ്യോഗസ്ഥർക്ക് ബലമായ സംശയമുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി. പാർലമെൻ്റിൽ സംസാരിക്കവേയായിരുന്നു ട്രൂഡോയുടെ ഗുരുതരമായ ആരോപണം.
സംഭവവുമായി ബന്ധപ്പെട്ട് കാനഡ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി. ഇരുരാജ്യങ്ങളും തമ്മിൽ ഉരസിയതോടെ വ്യാപാര ചർച്ചകൾക്കായി ഒക്ടോബറിൽ കനേഡിയൻ സംഘം ഇന്ത്യയിലേക്ക് നടത്താനിരുന്ന യാത്രയും റദ്ദാക്കിയിരുന്നു.
പഞ്ചാബ് സംസ്ഥാനം വേർപെടുത്തി ഖലിസ്ഥാൻ രാജ്യം രൂപീകരിക്കണമെന്ന ആശയം പ്രചരിപ്പിക്കുന്ന ഹർദീപ് സിങ് നിജ്ജാർ എന്ന 45കാരനാണ് ജൂൺ മാസത്തിൽ കൊല്ലപ്പെട്ടത്.
മുഖംമൂടി ധിരിച്ച രണ്ടുപേർ സറിയിലെ ഗുരുനാനാക് സിഖ് ഗുരുദ്വാരയ്ക്കു മുന്നിൽവെച്ച് നിജ്ജാറെ വെടിവെച്ചു കൊലപ്പടുത്തുകയായിരുന്നു. ഇന്ത്യയിൽ ജനിച്ച് കനേഡിയൻ പൗരത്വം സ്വീകരിച്ച ഇയാൾ ഈ ഗുരുദ്വാരയുടെ ചുമതലക്കാരനായിരുന്നു.
ഇന്ത്യ രാജ്യവിരുദ്ധമായി കണക്കാക്കുന്ന ഖലിസ്ഥാൻ ആശയത്തിന് കാനഡയിലെ ഒരുവിഭാഗം സിഖ് വംശജർക്കിടയിൽ വലിയ വേരോട്ടമുണ്ട്. നിജ്ജാറിൻ്റെ കൊലപാതകത്തിൽ അന്വേഷണം തുടരുന്നതിനിടയിലാണ് ട്രൂഡോയുടെ പ്രസ്താവന.
അതേസമയം, അന്വേഷണ ഏജൻസികളുടെ ആരോപണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അദ്ദേഹം തയ്യാറായില്ല.
വിഷയത്തിൽ ജി20 ഉച്ചകോടിക്കിടെ ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥരോടും ഇൻ്റലിജൻസ് ഉദ്യോഗസ്ഥരോടും ആശങ്ക പ്രകടിപ്പിച്ചതായും ട്രൂഡോ വ്യക്തമാക്കി.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അഭിപ്രായവ്യത്യാസമില്ലെന്നും ട്രൂഡോ കൂട്ടിച്ചേർത്തു.
“കനേഡിയൻ മണ്ണിൽവെച്ച് ഒരു കനേഡിയൻ പൗരനെ കൊല്ലാനായി ഒരു വിദേശ സർക്കാർ എന്തുപങ്കുവഹിച്ചാലും അത് രാജ്യത്തിൻ്റെ പരമാധികാരത്തിനു നേർക്കുള്ള കടന്നുകയറ്റമാണ്.
ഇത് സ്വതന്ത്ര ജനാധിപത്യ സമൂഹങ്ങൾ കാത്തുസൂക്ഷിക്കുന്ന അടിസ്ഥാനമൂല്യങ്ങൾക്ക് എതിരാണ്.” ട്രൂഡോ ഹൗസ് ഓഫ് കോമൺസിൽ അംഗങ്ങളോട് വ്യക്തമാക്കി. സംഭവത്തിൽ പ്രതികരിക്കാൻ ഇന്ത്യൻ ഹൈക്കമ്മീഷൻ തയ്യാറായിട്ടില്ല.
ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായതിനു പിന്നാലെയാണ് കനേഡിയൻ പ്രധാനമന്ത്രിയുടെ ഗുരുതരമായ ആരോപണം എന്നത് ശ്രദ്ധേയമാണ്.
ജ20 ഉച്ചകോടി വേദിയിൽ നരേന്ദ്ര മോദിയും ജസ്റ്റിൻ ട്രൂഡോയും ഒരു വേദിയിൽ എത്തിയിരുന്നെങ്കിലും ഉഭയകക്ഷി ചർച്ചകളൊന്നും നടന്നിരുന്നില്ല.
എന്നാൽ കാനഡയിലെ ഇന്ത്യാവിരുദ്ധ നടപടികളെ മോദി വിമർശിച്ചതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരും സ്ഥാപനവും ഇന്ത്യൻ സമൂഹവും ആരാധനാലയങ്ങളും കാനഡയിൽ ആക്രമണം നേരിടുന്നുണ്ട് എന്നായിരുന്നു കേന്ദ്രസർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടിയത്.
ഇതോടെ, വ്യപാരബന്ധം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച ചർച്ചകൾക്കായി അടുത്ത മാസം കനേഡിയൻ സംഘം നടത്താനിരുന്ന മുംബൈ യാത്ര മാറ്റിവെച്ചു.