ബംഗ്ലാദേശില്‍ വീശിയടിച്ച്‌ സിത്രംഗ് ചുഴലിക്കാറ്റ്; ഏഴ് മരണം; ജാഗ്രതാ നിര്‍ദ്ദേശം

ധാക്ക: ബംഗ്ലാദേശില്‍ വീശിയടിച്ച സിത്രംഗ് ചുഴലിക്കാറ്റില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് ജീവന്‍ നഷ്ടമായി.

ധാക്ക, കുമില്ല ദൗലതനിലെ നാഗല്‍കോട്ട്, ഭോലയിലെ ചാര്‍ഫസണ്‍, ലോഹഗര എന്നിവിടങ്ങളില്‍ കനത്ത മഴയും ശക്തമായ ചുഴലിക്കൊടുങ്കാറ്റുമാണ് ഉണ്ടായത്. സിത്രംഗ് ചുഴലിക്കാറ്റിന് പിന്നാലെ ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍ തീരത്ത് നിന്ന് പതിനായിരക്കണക്കിന് ആളുകളെയാണ് ഒഴിപ്പിച്ചു. കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങളേയും സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

ഇന്നലെ വൈകിട്ട് ആറ് മണി വരെ 28,155 ആളുകളെയും 2736 വളര്‍ത്തുമൃഗങ്ങളേയുമാണ് കോക്‌സ് ബസാര്‍ തീരത്ത് സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിയിരിക്കുന്നത്. ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ 576ഓളം ദുരിതാശ്വാസ ക്യാമ്ബുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പ്രദേശത്തുള്ള സ്‌കൂളുകളിലുള്‍പ്പെടെ ദുരിതാശ്വാസ ക്യാമ്ബുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് കോക്സ് ബസാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മാമുനൂര്‍ റഷീദ് പറഞ്ഞു.

അടിയന്തര സാഹചര്യം നേരിടാന്‍ 104ഓളം മെഡിക്കല്‍ ടീമുകളാണ് സജ്ജമായിരിക്കുന്നത്. 323 ടണ്‍ അരിയുള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങളും ശേഖരിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ടോടെ സിത്രംഗ് ചുഴലിക്കാറ്റ് വടക്ക്-കിഴക്കന്‍ മേഖലയിലേക്ക് നീങ്ങിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരുന്ന രണ്ട് ദിവസം കൂടി ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പശ്ചിമ ബംഗാള്‍, അസം, മിസോറാം, മണിപ്പൂര്‍, നാഗാലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related posts

Leave a Comment