തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദം രൂപപ്പെട്ട പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് എന്നീ ജില്ലകളില്‍ മഴ പെയ്തേക്കും. എന്നാല്‍ ഒരു ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- ഡിസംബര്‍ 05: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം.
- ഡിസംബര്‍ 06: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം.
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് തീവ്ര ന്യൂനമര്‍ദം രൂപപ്പെട്ടത്. വിശാഖപട്ടണത്തു നിന്ന് 1020 കിലോ മീറ്റര്‍ അകലെയും പരദ്വീപില്‍ നിന്ന് 1020 കി.മീ അകലെയുമായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിച്ചേര്‍ന്നു ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്.
നാളെ രാവിലെയോടെ വടക്കന്‍ ആന്ധ്രാപ്രദേശ് – തെക്കന്‍ ഒഡിഷ തീരത്തെത്തുന്ന ചുഴലിക്കാറ്റ് തുടര്‍ന്ന് വടക്ക് – വടക്ക് കിഴക്കു ദിശയിലേക്ക് സഞ്ചരിക്കാനാണ് സാധ്യത. സൗദി അറേബ്യ നിര്‍ദ്ദേശിച്ച ‘ജവാദ് ‘ എന്ന പേരിലാണ് പുതിയ ചുഴലിക്കാറ്റ് അറിയപെടുക. ചുഴലിക്കാറ്റ് നിലവില്‍ കേരളത്തില്‍ ഭീഷണിയില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മധ്യ ബംഗാള്‍ ഉള്‍ക്കടല്‍ – അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ ആന്ധ്രപ്രദേശ് – ഒഡിഷ തീരങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത.
നാളെ മധ്യ പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും ആന്ധ്രപ്രദേശ് – ഒഡിഷ തീരങ്ങളിലും അഞ്ചാം തീയതി ബംഗാള്‍ ഉള്‍ക്കടലിന്‍റെ മധ്യ പടിഞ്ഞാറ് ഭാഗത്തും അതിനോട് ചേര്‍ന്ന ബംഗാള്‍ ഉള്‍ക്കടലിന്‍റെ തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കന്‍ ആന്ധ്രപ്രദേശ് – ഒഡിഷ തീരങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കി. മീ വരെ വേഗതയിലും ചിലവസരങ്ങളില്‍ 60 കി.മീ വരെ വേഗതയിലും ശക്തമായ കാറ്റുണ്ടായേക്കും