തിരുവനന്തപുരം: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറി. അടുത്ത 24 മണിക്കൂറില്‍ തീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ബുറേവി എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ചൊവ്വാഴ്ച വൈകിട്ടോ രാത്രിയിലോ ശ്രീലങ്കന്‍ തീരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തുടര്‍ന്ന് വ്യാഴാഴ്ച കന്യാകുമാരി തീരത്തേക്ക് അടുക്കും. ചുഴലിക്കാറ്റ് കേരളത്തിലേക്ക് എത്തില്ലെന്നാണ് നിലവില്‍ വിലയിരുത്തപ്പെടുന്നത്. എങ്കില്‍പോലും കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ ചുഴലിക്കാറ്റിന്റെ പ്രകമ്ബനം സൃഷ്ടിക്കാന്‍ സാധ്യതയുള്ളതിനാല്‍ കനത്ത ജാഗ്രതയാണ് വെച്ചുപുലര്‍ത്തുന്നത്. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കും വെള്ളപ്പൊക്കത്തിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
അതിനാല്‍ കേരളതീരത്ത് മത്സ്യബന്ധനത്തിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍കരുതലുകളുടെ ഭാഗമായി വ്യോമ നാവിക സേനകളുടെ സഹായം സംസ്ഥാന സര്‍ക്കാര്‍ തേടിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ 7 യൂണിറ്റുകളുടെ സാന്നിധ്യവും ജില്ലകളില്‍ ഉറപ്പാക്കും.