കൊല്‍ക്കത്ത: ബംഗാളിലെ ഡാർജിലിങ് ജില്ലയില്‍ കാഞ്ചൻജംഗ എക്സ്‌പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായത് വൻ ദുരന്തം.
അഞ്ച് പേർ മരിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്യുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഒട്ടേറെ യാത്രക്കാർക്ക് പരുക്കേറ്റതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
അസമിലെ സില്‍ചാറില്‍നിന്ന് കൊല്‍ക്കത്തയിലെ സീല്‍ദാഹിലേക്ക് പോകുന്ന കാഞ്ചൻജംഗ എക്സ്‌പ്രസ്, തിങ്കളാഴ്ച രാവിലെ രംഗപാണി സ്റ്റേഷൻ പിന്നിട്ടതിനു പിന്നാലെയാണ് ചരക്കു തീവണ്ടിയുമായി കൂട്ടിയിടിച്ചത്.
അപകടത്തില്‍ കാഞ്ചൻജംഗയുടെ രണ്ട് കോച്ചുകളും ചരക്കുവണ്ടിയുടെ ഏതാനും ബോഗികളും പാളം തെറ്റിയിട്ടുണ്ട്.
അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതേയുള്ളൂവെന്ന് അധികൃതർ പറഞ്ഞു. റെയില്‍വേ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി അടക്കമുള്ളവർ രക്ഷാപ്രവർത്തനം ത്വരിതപ്പെടുത്താൻ നിർദ്ദേശം നല്‍കി.
സിഗ്നല്‍ തെറ്റിച്ചെത്തിയ ചലക്ക് ട്രെയിൻ ഇടിച്ചുകയറിയതാണ് അപകടം ഉണ്ടാകാൻ ഇടയാക്കിയത്.