ബംഗളൂരു: ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി ബംഗളൂരുവിലുണ്ടായ സംഘര്‍ഷത്തില്‍ എസ് ഡി പി ഐ നേതാവ് മുസാമില്‍ പാഷ അറസ്റ്റില്‍. സംഘര്‍ഷത്തിന് പിന്നില്‍ എസ് ഡി പി ഐയുടെ ഗൂഢാലോചനയെന്ന് മന്ത്രി സി ടി രവി പറഞ്ഞു.
പുലികേശി നഗര്‍ കോണ്‍ഗ്രസ് എം എല്‍ എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിദ്വേഷ പരാമര്‍ശത്തിന്റെ പേരിലാണ് നഗരത്തില്‍ സംഘര്‍ഷമുണ്ടായത്. അക്രമത്തിന്റെ ഭാഗമായി എം എല്‍ എയുടെ വസതിയില്‍ ഉള്‍പ്പെടെ പ്രതിഷേധക്കാര്‍ തീയിട്ടിരുന്നു. കലാപത്തെ തുടര്‍ന്നുണ്ടായ പൊലീസ് വെടിവയ്പില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു.
സംഘര്‍ഷത്തില്‍ അറുപതോളം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 110 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ ഡിജി ഹള്ളി, കെജി ഹള്ളി എന്നിവിടങ്ങളിലാണ് സംഘര്‍ഷം പൊട്ടിപുറപ്പെട്ടത്. അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ വീടിന് പരിസരത്തേക്ക് പ്രതിഷേധിച്ച് എത്തിയവര്‍ നിരവധി വാഹനങ്ങള്‍ തീയിട്ടു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജും കണ്ണീര് വാതകവും പ്രയോഗിച്ചു.