തിരുവനന്തപുരം: ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതി മുഹമ്മദ് അനൂപിനെ 80 ദിവസത്തിനിടെ ബിനീഷ് കോടിയേരി വിളിച്ചത് 78 തവണയെന്ന് റിപ്പോര്‍ട്ട്. മെയ് 31നും ആഗസ്റ്റ് 19നും ഇടയ്ക്ക് ഇരുവരും തമ്മില്‍ 78 തവണ ഫോണില്‍ ബന്ധപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ ഒരു മാധ്യമം ആണ് പുറത്തുവിട്ടിരിക്കുന്നത്. ഓഗസ്റ്റ് 21 ന് ബെംഗളൂരുവിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് 250 എംഡിഎംഎ ഗുളികകളുമായി നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ മുഹമ്മദ് അനൂപിനെ അറസ്റ്റ് ചെയ്‌തിരുന്നു. ഇയാളുടെ കോള്‍ റെക്കോര്‍ഡുകളാണ് പുറത്തുവന്നിരിക്കുന്നത്.
മുഹമ്മദ് അനൂപിന് ഹോട്ടല്‍ ആരംഭിക്കാന്‍ ബിനീഷ് കോടിയേരി പണം നല്‍കിയിരുന്നുവെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. അനൂപ് ഇഡിക്ക് നല്‍കിയ മൊഴിയിലും ബിനീഷിന്‍റെ പേരുണ്ട്. ദൈനംദിന ചെലവിന് പണം കണ്ടെത്താന്‍ എംഡിഎംഎ ഗുളികകള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും വിതരണം ചെയ്തിരുന്നുവെന്നും തുടര്‍ന്ന് കുറച്ച് വസ്തു പാട്ടത്തിന് എടുത്തശേഷം ബിനീഷ് കോടിയേരിയുടെ സാമ്ബത്തിക സഹായത്തോടെ അവിടെ ഹോട്ടല്‍ തുറന്നെന്നുമായിരുന്നു മുഹമ്മദ് അനൂപിന്റെ മൊഴി.