ന്യൂഡല്‍ഹി: ഭീതി പടര്‍ത്തി കൊറോണ വൈറസ് വിവിധ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്. അതിന്റെ വ്യാപനം തടയുന്നതിനായി പ്രതിരോധ നടപടികള്‍ പിന്തുടരുന്നതിനായുള്ള സന്ദേശം ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മൊബൈല്‍ നമ്ബറുകളിലേക്ക് വിളിക്കുമ്ബോള്‍ ഡയല് ടോണിന് പകരം കോറോണ വൈറസ് ബോധവല്‍ക്കരണ സന്ദേശം കേള്‍പ്പിക്കുകയാണ് വിവിധ ടെലികോം സേവന ദാതാക്കള്‍.
കോവിഡ്- 19 ന്റെ വ്യാപനത്തിനെതിരായ പ്രതിരോധ നടപടികളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന്, കേന്ദ്ര സര്‍ക്കാര്‍ ഒരു പ്രീ-കോള്‍ ബോധവല്‍ക്കരണ സന്ദേശം നല്‍കിയിട്ടുണ്ടെന്ന് എഎന്‍ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു ചുമയോടുകൂടിയാണ് ഈ ശബ്ദസന്ദേശം ആരംഭിക്കുന്നത്. കൊറോണ വൈറസ് പടരുന്നത് തടയാന്‍ നിങ്ങള്‍ക്ക് കഴിയും. ചുമ അല്ലെങ്കില്‍ തുമ്മല്‍ സമയത്ത് ഒരു തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക. തുടര്‍ച്ചയായി സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക. മുഖമോ കണ്ണോ മൂക്കോ സ്പര്‍ശിക്കരുത്. ആര്‍ക്കെങ്കിലും ചുമ, പനി, ശ്വാസംമുട്ടല്‍ എന്നീ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അവരില്‍നിന്നും ഒരു മീറ്റര്‍ അകലം പാലിക്കുക. ആവശ്യമെങ്കില്‍ അടുത്തുള്ള ആരോഗ്യകേന്ദ്രം ഉടന്‍തന്നെ സന്ദര്‍ശിക്കുക. എന്നതാണ് സന്ദേശത്തിന്റെ ഉള്ളടക്കം. ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് സന്ദേശം.
ഇന്ത്യയില്‍ 31 പേരിലാണ് കോറോണ ബാധ സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാന്‍ സിറ്റിയില്‍ നിന്നും ഉത്ഭവിച്ച കൊറോണ വൈറസ് ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 100,000 പേരെ ബാധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ 29000 ഓളം പേര് നിരീക്ഷണത്തിലാണ്. ഇതിനിടെ രാജ്യത്തെത്തിയ 16 ഇറ്റാലിയന്‍ വിനോദസഞ്ചാരികള്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈന കഴിഞ്ഞാല്‍ ഏറ്റവും അധികം മരണം രേഖപ്പെടുത്തിയത് ഇറ്റലിയിലാണ്. 100 മരണങ്ങളാണ് കോറോണ ബാധമൂലം ഇറ്റലിയിലുണ്ടായത്.