കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മൂന്നാംപ്രതിയായ ഫൈസല്‍ ഫരീദിനെതിരേ ജാമ്യമില്ലാ വാറന്‍ഡ് പുറപ്പെടുവിച്ചു. കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയാണ് അന്വേഷണസംഘത്തിന്റെ അപേക്ഷ പരിഗണിച്ച് വാറന്‍ഡ് പുറപ്പെടുവിച്ചത്.
ഉത്തരവ് ഇന്റര്‍പോളിന് കൈമാറും. ഫൈസല്‍ ഫരീദിനു വേണ്ടി ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കാനാണു നീക്കം. കുറ്റവാളിയെന്നു സംശയിക്കുന്ന ആളുടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണു ബ്ലൂ നോട്ടീസ് നല്‍കുന്നത്.
ദുബായിലുള്ള ഫൈസല്‍ കേസിലെ മൂന്നാം പ്രതിയാണ്. സരിത്തിനെ കസ്റ്റഡിയിലാവശ്യപ്പെട്ട് എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. സന്ദീപിന്റെ ബാഗ് തുറന്നു പരിശോധിക്കാനും എന്‍ഐഎ അപേക്ഷ നല്കി.
ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യുന്നതിലൂടെ യുഎഇ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് എന്‍ഐഎ.
കേസില്‍ വന്‍ ഗൂഢാലോചന നടന്നതായും പ്രതികള്‍ കടത്തിയ സ്വര്‍ണം ജ്വല്ലറികള്‍ക്കല്ല നല്‍കിയതെന്നും തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നുമാണ് എന്‍ഐഎ കോടതിയില്‍ ബോധിപ്പിച്ചത്.