ഫൈസല്‍ ഫരീദിനെതിരെ അറസ്റ്റ് വാറണ്ട്, നാളെ കൊച്ചിയിലെത്തുമെന്ന് സൂചന

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസിലെ പ്രധാന പ്രതികളിലൊരാളായ ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ എന്‍ ഐ എ അറസ്റ്റ് വാറന്റ് പതിച്ചു. തൃശൂര്‍ കയ്പമംഗലത്തെ വീട്ടിലാണ് നടപടി ക്രമങ്ങളുടെ ഭാഗമായി വാറന്റ് പതിച്ചത്. നിലവില്‍ ദുബായ് പൊലീസിന്റെ കസ്റ്റഡിയിലാണ് ഫൈസല്‍.ഇയാളെ നാടുകടത്താനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇയാള്‍ നാളെ കൊച്ചിയിലെത്തുമെന്നാണ് അറിയുന്നത്. കൊച്ചിയിലെത്തിയാലുടന്‍ ഇയാളെ അറസ്റ്റുചെയ്യും എന്നാണ് റിപ്പോര്‍ട്ട്.

ഫൈസല്‍ ഫരീദിന്റെ പേര് ഫാസില്‍ ഫരീദ് എന്ന് തെറ്റായാണ് ആദ്യം പുറത്തുവന്നത്. പേരില്‍ വന്ന പിഴവ് തിരുത്തി ദിവസങ്ങള്‍ക്ക് ശേഷം ഇയാള്‍ക്കായി ഇന്റര്‍പോളിന്റെ ബ്ലൂ നോട്ടിസ് പുറത്തിറക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഇയാളെ ദുബായ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

അതിനിടെ ഫൈസലിന്റെ സഹായി എന്ന് കരുതുന്ന റബിന്‍സിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാനുള്ള നടപടി കസ്റ്റംസ് ആരംഭിച്ചു. സ്വര്‍ണം അയക്കാന്‍ ഫൈസലിനെ സഹായിച്ചത് റബിന്‍സാണെന്ന് കസ്റ്റംസ് നേരത്തേ കണ്ടെത്തിയിരുന്നു.എന്‍ ഐ എ പ്രതിചേര്‍ത്ത കെ.ടി.റമീസിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കസ്റ്റംസിന്റെ കസ്റ്റഡിക്കാലാവധി തീരുന്നമുറയ്ക്ക് റമീസിനെ കസ്റ്റഡിയിലെടുക്കാനാണ് എന്‍ ഐ എ സംഘത്തിന്റെ തീരുമാനം.

അതേസമയം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഹംസദ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഞ്ചേരി സ്വദേശി അബ്ദുള്‍ സലാം എന്നയാളെയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുണ്ട്

Related posts

Leave a Comment