ഫൈസല്‍ അടുത്ത സുഹൃത്താണ്, ഇടപാടുകള്‍ അറിയില്ല, ബന്ധുവുമല്ല;സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ പ്രതികരണവുമായി കാരാട്ട് റസാഖ് എംഎല്‍എ

താമരശ്ശേരി: സ്വര്‍ണ്ണക്കടത്തു കേസില്‍ കാരാട്ട് ഫൈസല്‍ എന്ന ഇടതു കൗണ്‍സിലറെ കസ്റ്റംസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തതിന് പിന്നാലെ കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിനെതിരെ കടുത്ത പ്രതിഷേധമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്. ഈ സാഹചര്യത്തില്‍ കാരാട്ടു ഫൈസലുമായുള്ള ബന്ധം നിഷേധിച്ചു കൊണ്ട് കൊടുവള്ളി എംഎല്‍എ രംഗത്തെത്തി. കൊടുവള്ളിയിലെ ലീഗ് പ്രവര്‍ത്തകര്‍ തന്നെ കൊല്ലാന്‍ നടക്കുന്നവരാണെന്നും ഇതിലും വലിയ ആരോപണം ഉന്നയിക്കുമെന്നും കാരാട്ട് റസാഖ് പ്രതികരിച്ചു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് കസ്റ്റഡിയിലെടുത്ത നഗരസഭാ ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ തന്റെ ബന്ധുവല്ല. കാരാട്ട് ഫൈസലിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോ എന്നറിയില്ല. ഫൈസല്‍ അടുത്ത സുഹൃത്താണ്, പക്ഷേ ബിസിനസില്‍ ഇടപെടാറില്ലെന്നും അദ്ദേപരഞ്ഞു. തന്നെ ഇല്ലാതാക്കാനാണ് ലീഗ് ശ്രമമെന്നും കാരാട്ട് റസാഖ് പറഞ്ഞു. ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് പറയണം. കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമ്ബോള്‍ അവരാണ് താനുമായി ബന്ധമുണ്ടോയെന്ന് പറയേണ്ടത്. അല്ലാതെ ലീഗുകാരല്ലന്നും കാരാട്ട് പറഞ്ഞു. തന്നെ വധിക്കാന്‍ ലീഗുകാര്‍ ഗൂഢാലോചന നടത്തുന്നതുകൊണ്ട് പൊലീസ് കാവലിലാണ് തന്റെ യാത്ര. അപ്പോള്‍ ഇത്തരം ആരോപണങ്ങളില്‍ അത്ഭുതമില്ല. കോടിയേരി ബാലകൃഷ്ണന്റെ മകനുമായി തനിക്ക് ബന്ധമുണ്ടെന്നൊക്കെയാണ് പറയുന്നത്. അദ്ദേഹത്തെ തനിക്ക് അറിയുക പോലുമില്ലെന്നും കാരാട്ട് റസാഖ് പറഞ്ഞു.

Stories you may Like

അതേസമയം ആരോപണങ്ങളില്‍ പി.ടി.എ. റഹിം എംഎല്‍എ പ്രതികരിക്കാന്‍ തയ്യാറായില്ല. നയയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തിലെ പ്രധാനി കൊടുവള്ളി നഗരസഭാ ഇടതു കൗണ്‍സിലറായ കാരാട്ട് ഫൈസലാണെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. നയതന്ത്ര ചാനല്‍ വഴി കേരളത്തിലെത്തിച്ച 80 കിലോ സ്വര്‍ണം വില്‍ക്കാന്‍ സംഘത്തെ സഹായിച്ചത് ഫൈസലാണെന്നാണു കസ്റ്റംസിന്റെ കണ്ടെത്തല്‍. തൃശിനാപ്പള്ളി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ സ്വര്‍ണം എത്തിച്ച്‌ വില്‍ക്കുകയായിരുന്നു എന്നാണ് വിവരം. സ്വര്‍ണക്കടത്തിന് പണം നിക്ഷേപിച്ചവരില്‍ കാരാട്ട് ഫൈസല്‍ ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള കെ.ടി. റമീസ് നല്‍കിയ മൊഴിയിലാണ് കാരാട്ട് ഫൈസലിന്റെ ഇടപെടല്‍ വ്യക്തമായത്. ഇന്നു പുലര്‍ച്ചെ ഫൈസലിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ അന്വേഷണ സംഘം ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നു. റെയ്ഡില്‍ കണ്ടെത്തിയ ഡിജിറ്റല്‍ രേഖകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡി എന്നാണ് വ്യക്തമാകുന്നത്. ഇന്ന് ഉച്ചയോടെ ഇദ്ദേഹത്തെ കൊച്ചിയിലെത്തിച്ച്‌ പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്താന്‍ സാധ്യതയുണ്ട് എന്നാണ് വിവരം. ഫൈസലിനെ ചോദ്യം ചെയ്യുന്നതോടെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കൂടുതല്‍ പേരുകള്‍ പുറത്തു വരും എന്നാണ് കസ്റ്റംസ് പ്രതീക്ഷിക്കുന്നത്.

മൂന്നുമാസം നീണ്ട അന്വഷണങ്ങള്‍ക്കു ശേഷമാണ് സംസ്ഥാനത്തെ ഭരണ കേന്ദ്രത്തില്‍ ബന്ധമുള്ള ഒരാളിലേക്കു കൂടി സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം നീളുന്നത്. നേരത്തെ കസ്റ്റംസ് പിടികൂടിയ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയാണ് ഇദ്ദേഹം. സിപിഎമ്മിന്റെ ജനജാഗ്രതാ യാത്രയ്ക്കിടെ കോടിയേരി ബാലകൃഷ്ണന്‍ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി കാരാട്ട് ഫൈസലിന്റെ വാഹനത്തില്‍ യാത്ര ചെയ്തത് വിവാദമായിരുന്നു.

Related posts

Leave a Comment