പ്ലാസ്മക്ക് പകരം മുസംബി ജ്യൂസ് നല്‍കി രോഗി മരിച്ച സംഭവം; ആശുപത്രി പൊളിച്ചുമാറ്റും

ഖ്നോ: പ്ലാസ്മക്ക് പകരം മുസംബി ജ്യൂസ് ഡ്രിപ്പായി നല്‍കിയതിനെ തുടര്‍ന്ന് ഡെങ്കിപ്പനി ബാധിതന്‍ മരിച്ച സംഭവത്തില്‍ ആശുപത്രി ബുള്‍ഡോസര്‍ കൊണ്ട് തകര്‍ക്കാന്‍ തീരുമാനം.

ഉത്തര്‍പ്രദേശ് പ്രയാഗ് രാജിലെ ഗ്ലോബല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ട്രോമ സെന്റര്‍ തകര്‍ക്കാനുള്ള നീക്കമാണ് ജില്ലാ ഭരണകൂടം ആരംഭിച്ചിരിക്കുന്നത്.

കെട്ടിടം പൊളിച്ച്‌ മാറ്റുമെന്ന് ആശുപത്രിക്കയച്ച നോട്ടീസില്‍ അധികൃതര്‍ വ്യക്തമാക്കി. രോഗി മരിച്ച സംഭവത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ആശുപത്രി സീല്‍ ചെയ്തിരുന്നു. അനുമതി ഇല്ലാതെയാണ് ആശുപത്രി നിര്‍മിച്ചതെന്നും വെള്ളിയാഴ്ചക്കകം ആശുപത്രി ഒഴിയണമെന്നും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

ഈ വര്‍ഷം ആദ്യമാണ് പൊളിച്ചുനീക്കാനുള്ള ഉത്തരവ് പാസാക്കിയത്. അനധികൃത നിര്‍മാണം ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതര്‍ക്ക് നേരത്തെ നോട്ടീസ് അയച്ചെങ്കിലും അതില്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്ന് നോട്ടീസില്‍ പറയുന്നു. നോട്ടീസ് അധികൃതര്‍ ആശുപത്രിക്ക് പുറത്ത് പതിച്ചിട്ടുണ്ട്.

രോഗിയുടെ മരണത്തിന് ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കുടുംബം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രോഗിയുടെ നില വഷളായതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയപ്പോഴാണ് പ്ലാസ്മ ബാഗില്‍ നിറച്ചിരിക്കുന്നത് മുസംബി ജ്യൂസാണെന്ന് കണ്ടെത്തിയത്. മുസംബി ജ്യൂസ് കാഴ്ചയില്‍ പ്ലാസ്മ പോലെ ഇരുന്നതിനാല്‍ തിരിച്ചറിയാനായില്ലെന്നായിരുന്നു ആശുപത്രിയുടെ വിശദീകരണം.

അതേസമയം, വ്യാജ പ്ലേറ്റ്‌ലെറ്റ് വില്‍പ്പന നടത്തിയ പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബ്ലഡ്ബാങ്കില്‍ നിന്നും പ്ലാസ്മ വാങ്ങി വില്‍പ്പന നടത്തുന്ന സംഘമാണ് അറസ്റ്റിലായത്. പ്ലേറ്റ്‌ലെറ്റ് എന്ന പേരില്‍ ഡെങ്കിപ്പനി രോഗികള്‍ക്കാണ് സംഘം പ്ലാസ്മ വില്‍പ്പന നടത്തിയിരുന്നത്.

Related posts

Leave a Comment