വൈപ്പിന്‍: കലാഭവന്‍ മണിയുടെ പാട്ടുകള്‍ക്ക് ഈണം നല്കി പ്രശസ്തനായ സംഗീത സംവിധായകന് സിദ്ധാര്‍ഥ് വിജയന് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെയായിരുന്നു മരണം. ഒരാഴ്ചയായി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു. സംസ്കാരം വൈകുന്നേരം നാലിന് മുരുക്കുംപാടം ശ്മശാനത്തില്‍ നടക്കും.
മൂന്ന് മലയാള സിനിമയ്ക്കും നിരവധി തമിഴ് മലയാളം റീമേക്കുകള്‍ക്കും കാസറ്റുകള്‍ക്കും വിജയന് ഈണമിട്ടിട്ടുണ്ട്. ഇതുവരെ മൂവായിരത്തോളം ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നു. 1983-ല്‍ ഓണക്കാലത്തിറങ്ങിയ സുജായതയും മാര്‍ക്കോസും ചേര്‍ന്ന് ആലപിച്ച അത്തപ്പൂക്കളം എന്ന ആല്‍ബമാണ് ആദ്യത്തെ ആല്‍ബം.
കലാഭവന്മണിക്ക് വേണ്ടി 45 കാസറ്റുകള്‍ക്ക് ഈണം പകര്‍ന്നിട്ടുണ്ട്. ചാലക്കുടിക്കാരന്‍ ചങ്ങാതി, അമ്മ ഉമ്മ മമ്മി, സ്വാമി തിന്തകത്തോം തുടങ്ങിയ മണിയുടെ ഹിറ്റു കാസറ്റുകള്‍ വിജയന്റെ സംഗീത്തിലാണ് പിറന്നത്.