തിരുവനന്തപുരം: പ്രേം നസീറിന്റെ ചിറയിന്‍കീഴിലെ വീടും സ്ഥലവും സൗജന്യമായി നല്‍കിയാല്‍ സര്‍ക്കാര്‍ സംരക്ഷിക്കാമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍.
വിലയ്‌ക്കെടുക്കേണ്ടത് സര്‍ക്കാര്‍ കൂട്ടമായി തീരുമാനിക്കേണ്ട കാര്യമാണ്. സൗജന്യമായി നല്‍കിയാല്‍ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ ദേശീയപാതയില്‍ കോരാണിയില്‍ നിന്നു ചിറയിന്‍കീഴിലേക്കുള്ള വഴിയിലാണ് വീടുള്ളത്.
അതിനിടെ വീട് വില്‍ക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് ഇളയ സഹോദരി അനീസ ബീവി പ്രതികരിച്ചു. വീട് വില്‍ക്കുന്നുവെന്ന വാര്‍ത്ത പച്ചക്കള്ളമാണെന്നാണ് അനീസ പ്രതികരിച്ചത്. മാദ്ധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത നല്‍കിയത് ആരാണെന്ന് തനിക്കോ കുടുംബത്തിലുള്ളവര്‍ക്കോ അറിയില്ല. വീട് കാട് കയറിയ നിലയിലാണെന്ന് പറയുന്നതും തെറ്റാണെന്ന് അനീസ പ്രതികരിച്ചിട്ടുണ്ട്. വീട് വില്‍ക്കുന്നതില്‍ പ്രതിഷേധവുമായി നാട്ടുകാരെത്തിയിരുന്നു.
വര്‍ഷങ്ങള്‍ക്കു മുമ്ബ് റീത്തയുടെ മകള്‍ക്ക് വിദേശത്ത് വീട് വയ്‌ക്കുന്ന സമയത്ത് ചിറയിന്‍കീഴിലെ വീടുവില്‍ക്കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ 50 സെന്റ് വീടിന് 6 കോടി രൂപയാണ് വിലയിട്ടത്. ആ തുകയ്‌ക്ക് വില്പന നടക്കാതെ വന്നതോടെ ആ ശ്രമം ഉപേക്ഷിച്ചു. നിലവില്‍ വീട് വില്‍ക്കുന്നത് സംബന്ധിച്ച് ആലോചിച്ചിട്ടില്ല. സര്‍ക്കാരിന് ആവശ്യമെങ്കില്‍ ഈ തുക നല്‍കി വീട് വാങ്ങട്ടെ എന്നും അനീസ ബീവി പറഞ്ഞു.
പ്രേം നസീറിന്റെ ഇളയമകള്‍ റീത്തയുടെ മകള്‍ രേഷ്മയുടെ ഉടമസ്ഥതയിലുള്ളതാണ് ലൈല കോട്ടേജ്. 1956ലാണ് പ്രേം നസീര്‍ ഈ വീട് പണിതത്. ചിറയന്‍കീഴിലെ ആദ്യ ഇരുനില വീടാണിത്. രണ്ട് നിലകളിലുമായി 8 മുറികളാണ് വീട്ടിലുള്ളത്. പ്രേം നസീറും ഭാര്യ ഹബീബ ബീവിയും മക്കളായ ലൈല, റസിയ, ഷാനവാസ്, റീത്ത എന്നിവരുമാണ് ഇവിടെ താമസിച്ചിരുന്നത്.