ഭര്‍ത്താവിന്റെ ചികിത്സയ്ക്കും പറക്കമുറ്റാത്ത മൂന്ന് പെണ്‍കുട്ടികള്‍ക്ക് മികച്ച ജീവിതം നല്‍കാനും ഉദ്ദേശിച്ച് മക്കളെ നാട്ടിലെ ബന്ധുവിനെ ഏല്‍പിച്ചാണ് ബിജിമോള്‍(28) ദുബായിലെത്തിയത്. യുഎഇ താമസ വീസയ്ക്കായി കളമശ്ശേരിയിലെ ഏജന്റ് യതീഷിന് മൂന്ന് ലക്ഷം രൂപ നല്‍കിയിരുന്നു. എന്നാല്‍ ഇവിടെയെത്തിയപ്പോഴാണ് തനിക്ക് നല്‍കിയത് സന്ദര്‍ശക വീസയാണെന്ന് തിരിച്ചറിഞ്ഞത്.
തമിഴന്മാരില്‍ നിന്ന് പലിശയ്ക്കായിരുന്നു മൂന്നു ലക്ഷം രൂപ വാങ്ങിച്ചതെന്ന് ബിജി മോള്‍ പറഞ്ഞു. ഏജന്റ് ചതിച്ചതിനാല്‍ ജോലി ലഭിച്ചില്ല. ഇതിനിടെ മാര്‍ച്ച് 24നാണ് വിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവ് വടക്കേപ്പുറം കല്ലങ്ങാട്ടുവീട്ടില്‍ ശ്രീജിത് മരിച്ചു
ജീവിതപ്രതിസന്ധിയുടെ ഏറ്റവും രൂക്ഷമായ ദിനങ്ങളിലൂടെ കടന്നുപോയ ബിജി മോള്‍ ഇപ്പോഴിതാ നാടണയുന്നു. പ്രിയതമന്റെ മുഖം അവസാനമായി നേരിട്ടു ഒരു നോക്കു കാണാനാകാതെ ദുബായില്‍ കുടുങ്ങിയ എറണാകുളം കളമശ്ശേരിയില്‍ താമസിക്കുന്ന ബിജിമോള്‍ നാളെ രാവിലെ 11.50ന് കൊച്ചിയിലേയ്ക്ക് പുറപ്പെടുന്ന വിമാനത്തില്‍ യാത്ര തിരിക്കും.
ഇന്ത്യന്‍ സമയം വൈകിട്ട് 5.25ന് കൊച്ചിയിലെത്തും. അഞ്ച് മാസങ്ങള്‍ക്ക് ശേഷമുള്ള മടയക്കയാത്രാ ടിക്കറ്റ് ബിജിമോള്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിന് വേണ്ടി സാമൂഹിക പ്രവര്‍ത്തകന്‍ പ്രവീണ്‍ കൈമാറി. കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെയാണ് മൂന്ന് മക്കളുടെ മാതാവായ ഈ യുവതിക്ക് അര്‍ബുദം ബാധിച്ച് മരിച്ച ഭര്‍ത്താവ് ശ്രീജിതി(37)ന്റെ മുഖം അവസാനമായി കാണാന്‍ സാധിക്കാതെയായത്.