പ്രിയതമനെ അവസാനമായി ഒന്നു തൊടാന്‍ പോലുമാകാതെ വാവിട്ടു കരഞ്ഞ ആതിര ഇപ്പോഴും ആ സത്യം ഉള്‍ക്കൊള്ളുന്നില്ല; പൊന്നുമോളെ കാണാന്‍ ഇനി അവളുടെ അച്ഛന്‍ വരില്ല എന്ന തിരിച്ചറിവ് ഉള്‍ക്കൊള്ളാനാകാത്ത തീരാ വേദന; കോവിഡ് മാനദണ്ഡങ്ങള്‍ കാരണം പ്രിയ സുഹൃത്തിനെ അവസാനമായി കാണാനാകാത്ത വേദനയില്‍ സുഹൃത്തുക്കളും; നിതിന്‍ ചന്ദ്രന്‍ ഇനി മലയാളിയുടെ മനസ്സിലെ നൊമ്ബരപ്പെടുത്തുന്ന ഓര്‍മ്മ; ആതിരയെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയാതെ വലഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും

കോഴിക്കോട്: പ്രസാവനന്തര ചികില്‍സയിലുള്ള ആതിരയുടെ കണ്ണുനീര്‍ തോരുന്നില്ല. പ്രിയതമനെ അവസാനമായി ഒന്നു തൊടാന്‍ പോലുമാകാതെ വാവിട്ടു കരഞ്ഞ ആതിര ഇപ്പോഴും ഭര്‍ത്താവിന്റെ വിയോഗം ഉള്‍ക്കൊണ്ടിട്ടില്ല. പൊന്നുമോളെ കാണാന്‍ ഇനി അവളുടെ അച്ഛന്‍ വരില്ല എന്ന തിരിച്ചറിവിലേക്ക് ആതിര ഇനിയും എത്തിയിട്ടുമില്ല. കരുതലോടെയാണ് ആതിരയുടെ പരിചരണം. എല്ലാം എത്രയും വേഗം ആതിര ഉള്‍ക്കൊള്ളുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍.

ഭര്‍ത്താവിന്റെ വേര്‍പാട് ഇന്നലെ രാവിലെ മാത്രമാണ് അറിയിച്ചത്. ആതിര പ്രസവാനന്തര ചികിത്സയില്‍ കഴിയുന്ന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് നിതിന്റെ ഭൗതികശരീരം കാണിച്ചത്. ആരുടേയും കണ്ണ് നനയിക്കുന്ന രംഗങ്ങള്‍. വീല്‍ചെയറിലിരുത്തി സുരക്ഷാ വസ്ത്രങ്ങള്‍ ധരിപ്പിച്ചാണ് ആതിരയെ മൃതദേഹത്തിനടുത്തെത്തിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ ഒന്നര മീറ്റര്‍ അകലെ ഇരുന്ന് നിതിന്റെ ഭൗതികശരീരം കാണാനേ ആതിരയ്ക്കു സാധിച്ചുള്ളൂ. മൃതദേഹം 3 മിനിറ്റ് കാണിച്ചശേഷം അതേ ആംബുലന്‍സില്‍ പേരാമ്ബ്രയിലെ നിതിന്റെ വീട്ടിലേക്കു കൊണ്ടുപോയി സംസ്‌കാരം നടത്തി. പ്രിയതമന്റെ ചലനമറ്റ ശരീരം കണ്ട ആഘാതത്തില്‍ നിന്ന് ഇനിയും ആതിര മുക്തയല്ല.

ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ സജീവപ്രവര്‍ത്തകനായിരുന്നു. 2017 സെപ്റ്റംബറിലാണ് പേരാമ്ബ്ര കല്‍പ്പത്തൂര്‍ സ്വദേശിയായ ആതിരയെ വിവാഹം കഴിക്കുന്നത്. ദുബായിലെ ഐടി കമ്ബനിയില്‍ ജോലി ചെയ്യുകയായിരുന്നു ആതിര. എട്ടുമാസം മുന്‍പാണ് ഇരുവരും ഒരുമിച്ച്‌ അവസാനമായി നാട്ടിലെത്തിയത്. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നിയമയുദ്ധം നടത്തിയ പേരാമ്ബ്ര സ്വദേശി നിതിന്‍ ചന്ദ്രന്‍ 2 ദിവസം മുന്‍പാണ് ദുബായില്‍ മരിച്ചത്. ഭര്‍ത്താവിന്റെ മരണവിവരം പൂര്‍ണഗര്‍ഭിണിയായ ആതിരയെ അറിയിച്ചില്ല. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ ആതിര പെണ്‍കുഞ്ഞിനു ജന്മം നല്‍കി.

ഇന്നലെ രാവിലെ ഡോക്ടര്‍മാരുടെ സംഘമാണ് ഐസിയുവിലെത്തി ആതിരയെ നിതിന്റെ വിയോഗ വാര്‍ത്ത അറിയിച്ചത്. ഇതോടെ തന്നെ ആതിര അലമുറയിട്ട് കരയാന്‍ തുടങ്ങി. പുലര്‍ച്ചെ 5നാണ് ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനത്തില്‍ ഭൗതികശരീരം നെടുമ്ബാശേരി വിമാനത്താവളത്തിലെത്തിച്ചത്. ആംബുലന്‍സില്‍ രാവിലെ പതിനൊന്നോടെ കോഴിക്കോട്ട് എത്തിച്ചു. നിതിന്റെ ഭൗതിക ശരീരം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖ് ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന് വേണ്ടി റീത്ത് സമര്‍പ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ബിജു, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം.കെ.സുരേശന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.പി.വേണുഗോപാല്‍ എന്നിവരും ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.

നാട്ടിലും വിദേശത്തും സാമൂഹിക, ജീവകാരുണ്യ ്രപവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു നിതിന്‍. നിതിന്റെ ഭൗതികശരീരം കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു നോക്ക് കാണാന്‍ കഴിയാത്തതിന്റെ സങ്കടത്തിലാണ് സുഹൃത്തുക്കളും നാട്ടുകാരും. നിതിന്റെ ഭാര്യ ജി.എസ്.ആതിര കഴിഞ്ഞ മാസമാണു ഷാര്‍ജയില്‍ നിന്നു നാട്ടിലെത്തിയത്. ലോക്ഡൗണില്‍ വിദേശത്തു കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ചതോടെയാണു ആതിര ശ്രദ്ധേയയായത്. ആ നിയമപോരാട്ടം നാട്ടിലേക്കുള്ള ആദ്യവിമാനത്തില്‍ ആതിരയ്ക്ക് ഇടം നല്‍കി. തുടര്‍ന്ന് ഷാഫി പറമ്ബില്‍ എംഎല്‍എ ആതിരയ്ക്കുള്ള വിമാനടിക്കറ്റ് എടുത്തു നല്‍കി. ഇതിനു പകരമായി സാമ്ബത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന രണ്ടു പേര്‍ക്കുള്ള ടിക്കറ്റ് നിതിനും ആതിരയും എടുത്തു നല്‍കിയിരുന്നു.

ഭാര്യയോടൊപ്പം തനിക്കും പോകാന്‍ അവസരം ലഭിച്ചിട്ടും അത്യാവശ്യമായി നാട്ടിലേക്ക് പോകേണ്ടവര്‍ക്കായി മാറിക്കൊടുത്തയാളാണ് നിതിന്‍. യുഎഇയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായ നിതിന്‍ അങ്ങനെ പുതു തലമുറയ്ക്ക് മാതൃകയായി. ഷാര്‍ജയില്‍നിന്ന് എയര്‍ അറേബ്യയുടെ പ്രത്യേക വിമാനത്തില്‍ ഇന്നലെ രാവിലെയാണു നിതിന്റെ മൃതദേഹം നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. അവിടെനിന്നു 11 മണിയോടെ ആതിര ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചു. ആതിരയും മറ്റു കുടുംബാംഗങ്ങളും അന്തിമോപചാരം അര്‍പ്പിച്ചതിനു പിന്നാലെ മൃതദേഹം പേരാമ്ബ്രയിലെ വീട്ടിലേക്കു കൊണ്ടുപോയി. കോവിഡ് കാലത്ത് വിദേശത്തുനിന്നു ഗര്‍ഭിണികള്‍ അടക്കമുള്ള പ്രവാസികളുടെ മടങ്ങിവരവിനു വഴിയൊരുക്കണമെന്നാവശ്യപ്പെട്ട് നിതിനും ആതിരയുമാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.

മെയ്‌ എട്ടിന് വന്ദേഭാരത് മിഷനിലെ ആദ്യ വിമാനത്തില്‍ തന്നെ ആതിര നാട്ടിലേക്കു തിരിച്ചു. ഭാര്യക്കൊപ്പം നാട്ടിലേക്ക് മടങ്ങാന്‍ നിതിന് അനുമതി ലഭിച്ചിരുന്നെങ്കിലും ആ അവസരം മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നു. റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാമചന്ദ്രന്റെ മകനാണ് നിതിന്‍. കേരള ബ്ലഡ് ഗ്രൂപ്പിന്റെ യു.എ.ഇയിലെ കോര്‍ഡിനേറ്ററും കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഇന്‍കാസ് യൂത്ത് വിങിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു. കോവിഡ് അല്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടിയുണ്ടായത്.

Related posts

Leave a Comment