പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവം; ഹര്‍ഷിനയ്ക്ക് രണ്ടുലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയ്ക്ക് രണ്ടു ലക്ഷം രൂപ ധനസഹായം അനുവദിച്ച്‌ സര്‍ക്കാര്‍.

ഇന്നു ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനംമായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിക്കുന്നത്.

ആരോഗ്യവകുപ്പിന്റെ കീഴില്‍ നടത്തിയ രണ്ട് അന്വേഷണങ്ങളിലും ശസ്ത്രക്രിയ ഉപകരണം ഏത് അവസരത്തിലാണ് വയറ്റില്‍ കുടുങ്ങിയതെന്ന് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്താനും തീരുമാനിച്ചു.

തനിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ ഹര്‍ഷിന സമരം നടത്തിയിരുന്നു. ശസ്ത്രക്രിയ നടത്തിയ 2017 മുതല്‍ 5 വര്‍ഷമാണ് യുവതി വയറ്റില്‍ കത്രികയുമായി ജീവിച്ചത്.

2017 നവംബര്‍ 30നാണ് ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്ക് ശേഷം അവശത വര്‍ധിച്ചതായാണ് ഹര്‍ഷിനയുടെ പരാതിയില്‍ പറയുന്നത്.

ഒടുവില്‍ വേദന അസഹനീയമായപ്പോള്‍ ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് സ്വകാര്യ ആശുപത്രിയില്‍ സ്‌കാനിങ് നടത്തിയത്. സ്‌കാന്‍ റിപ്പോര്‍ട്ടില്‍ ശസ്ത്രക്രിയ്ക്ക് ഉപയോഗിക്കുന്ന കത്രികയാണ് വയറ്റിലെന്ന് വ്യക്തമായി.

സെപ്റ്റംബര്‍ 17ന് മെഡിക്കല്‍ കോളജില്‍നിന്ന് തന്നെയാണ് കത്രിക പുറത്തെടുക്കാനുള്ള ശസ്ത്രക്രിയയും നടത്തിയത്.

Related posts

Leave a Comment