പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റീന്‍ ഏഴ് ദിവസം അല്ല, 14 ദിവസം തന്നെ; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍; മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്ന് വാദം; രണ്ടര ലക്ഷം മുറികള്‍ കണ്ടെത്തിക്കഴിഞ്ഞുവെന്ന് കോടതിയെ അറിയിച്ച സംസ്ഥാന സര്‍ക്കാറിന് സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന വാദം ഉയര്‍ത്താനും സാധിക്കില്ല; കേന്ദ്ര സര്‍ക്കാര്‍ എന്ത് തീരുമാനമെടുത്താലും അത് സംസ്ഥാനം നടപ്പിലാക്കാന്‍ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതിയും

ന്യൂഡല്‍ഹി: രാജ്യത്ത് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സര്‍ക്കാറിന്റെ 14 ദിവസത്തെ നിരീക്ഷണത്തില്‍ കഴിയണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഏഴ് ദിവസത്തെ നിരീക്ഷണം മതിയെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. ഇത് സംബന്ധിച്ച സത്യവാങ്മൂലം കേന്ദ്രം സമര്‍പ്പിച്ചു ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. സംസ്ഥാനത്തിന്റെ ആവശ്യം വിദഗ്ദ സമിതിയാണ് പരിഗണിച്ചത്. എന്നാല്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. പ്രവാസികള്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ തുടരണമെന്ന് കേന്ദ്രം വ്യക്തമാക്കി.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രവാസികളെ സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഏഴുദിവസം മാത്രം നിരക്ഷിക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ദിവസത്തിന്റ് കാര്യത്തിലെ ആശയക്കുഴപ്പം അടിയന്തരമായി പരിഹരിക്കണമെന്നും നിലവില്‍ എത്തിയവരുടെ 7 ദിവസത്തെ നിരീക്ഷണം കഴിയും മുമ്ബെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചത്.

വളരെ കുറച്ച്‌ പ്രവാസികള്‍ മാത്രമെ മടങ്ങിയെത്തിയിട്ടുള്ളു. അവരില്‍ തന്നെ വളരെ കുറച്ചുപേര്‍ മാത്രമാണ് സര്‍ക്കാര്‍ ക്വാറന്റീനില്‍ പോയിട്ടുള്ളു. രണ്ടര ലക്ഷം മുറികള്‍ കണ്ടെത്തിക്കഴിഞ്ഞുവെന്നുമാണ് സര്‍ക്കാര്‍ തന്നെ കോടതിയെ അറിയിച്ചത്. അതിനാല്‍ തന്നെ സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന വാദം ഉയര്‍ത്തി പ്രവാസികളുടെ ക്വാറന്റീന്‍ കാലാവധിയെ എതിര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ആകില്ല.

രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എന്ത് തീരുമാനമെടുത്താലും അത് സംസ്ഥാനം നടപ്പിലാക്കാന്‍ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം കേരളത്തിന്റെ ഈ നിര്‍ദ്ദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി പരിശോധിച്ച ശേഷമാണ് അംഗീകരിക്കാനാവില്ലെന്നു കോടതിയെ അറിയിച്ചിരിക്കുന്നത്. കേരളം ഏഴു ദിവസമാക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയും മറ്റൊരു സംസ്ഥാനം 10 ദിവസം ആക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അത് അംഗീകരിക്കുന്ന സാഹചര്യമുണ്ടായാല്‍ രാജ്യത്ത് കോവിഡ് 19 നിയന്ത്രണത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള പൊതുസംവിധാനത്തെ ബാധിക്കുമെന്നാണ് കേന്ദ്ര നിലപാട്.

ഗള്‍ഫില്‍ നിന്ന് വിമാനമാര്‍ഗം കേരളത്തിലെത്തിച്ച പ്രവാസികളുടെ ഏഴു ദിവസത്തെ ക്വാറന്റീന്‍ നാളെ പൂര്‍ത്തിയാകാനിരിക്കെയാണ് ഇന്ന് അടിയന്തരമായി കേസ് ഹൈക്കോടതി പരിഗണിച്ചത്. ഈ സാഹചര്യത്തില്‍ നിലപാട് അറിയിക്കണമെന്ന ഹൈക്കോടതി ആവശ്യം പരിഗണിച്ചാണ് ഇന്ന് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. അതേസമയം കേരളത്തിനു കൃത്യമായ വികേന്ദ്രീകൃത ആരോഗ്യ സംവിധാനമുണ്ടെന്നും അതു ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുമെന്നും ചൂണ്ടിക്കാണിച്ചാണ് സംസ്ഥാനം ഇളവിന് അപേക്ഷിച്ചത്. ഓരോ വീടുകളിലെയും സാഹചര്യം അതത് പ്രാദേശിക സമിതി പരിശോധന നടത്തിയ ശേഷമായിരിക്കും ഹോം ക്വാറന്റീന്‍ തീരുമാനിക്കുക എന്നും വ്യക്തമാക്കിയിരുന്നു.

ഇത് പ്രായോഗികമാണോ എന്ന് പരിശോധിക്കാന്‍ ഡോ. ഇക്‌ബാല്‍ കമ്മിറ്റിയെ സര്‍ക്കാര്‍ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. കമ്മിറ്റിയും ഇത് ശുപാര്‍ശ ചെയ്തതായി സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിട്ടുണ്ട്. കേന്ദ്രം കര്‍ശന നിലപാട് എടുത്ത സാഹചര്യത്തില്‍ കോടതി മറിച്ചൊരു തീരുമാനം എടുക്കാന്‍ ഇടയില്ലെന്നാണ് വിലയിരുത്തല്‍.

Related posts

Leave a Comment