പ്രളയ രക്ഷാപ്രവര്‍ത്തനത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ ജൈസല്‍ താനൂര്‍ അറസ്റ്റില്‍

താനൂര്‍: താനൂര്‍ ഒട്ടുംപുറം തൂവല്‍ തീരത്ത് കാറില്‍ ഇരിക്കുകയായിരുന്ന പുരുഷനെയും സ്ത്രീയെയും മൊബൈലില്‍ ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയെ താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

 

പരപ്പനങ്ങാടി ആവില്‍ ബീച്ച്‌ കുട്ടിച്ചിന്റെപുരക്കല്‍ ജൈസലാണ് (37- ജൈസല്‍ താനൂര്‍) അറസ്റ്റിലായത്. പ്രളയ രക്ഷാപ്രവര്‍ത്തനങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന വ്യക്തിയാണ് ജൈസല്‍. 2021 ഏപ്രില്‍ 15നായിരുന്നു കേസിനാസ്പദമായ സംഭവം. കാറില്‍ ഇരിക്കുകയായിരുന്നവരെ സമീപിച്ച്‌ ചിത്രങ്ങള്‍ എടുക്കുകയും ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമം വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു. അക്കൗണ്ടില്‍ നിന്ന് ഗൂഗ്ള്‍ പേ വഴി 5000 രൂപ നല്‍കിയതിനു ശേഷമാണ് ഇവരെ പോകാന്‍ അനുവദിച്ചത്.

പ്രതി തിരുവനന്തപുരം, കൊല്ലം, മംഗലാപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നും ബുധനാഴ്ച താനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നാണ് കസ്റ്റഡിയില്‍ എടുത്തതെന്നും പൊലീസ് പറഞ്ഞു.

താനൂര്‍ സി.ഐ ജീവന്‍ ജോര്‍ജിന്റെ നിര്‍ദേശപ്രകാരം താനൂര്‍ എസ്.ഐ ശ്രീജിത്ത്, എസ്.ഐ രാജു, എ.എസ്.ഐ റഹിം യൂസഫ്, സി.പി.ഒ കൃഷ്ണപ്രസാദ്, തിരൂര്‍ പൊലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ ഷെറിന്‍ജോണ്‍, അജിത്ത്, ധനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ജില്ല കോടതിയിലും ഹൈകോടതിയിലും നല്‍കിയ മുന്‍കൂര്‍ ജാമ്യ അപേക്ഷകള്‍ തള്ളിയിട്ടുള്ളതാണെന്നും പൊലീസ് അറിയിച്ചു. പ്രതിയെ വ്യാഴാഴ്ച പരപ്പനങ്ങാടി കോടതിയില്‍ ഹാജറാക്കും.

Related posts

Leave a Comment